തിരുവനന്തപുരം ∙ പേരൂർക്കടയിൽ വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവിൽ വധുവിന്റെ ആൾക്കാർക്കു നേരെ പടക്കം എറിഞ്ഞ കേസിൽ വരനെയും 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻഭവനിൽ വിജിൻ (24), പോത്തൻകോട് പെരുതല അവനീഷ് ഭവനിൽ ആകാശ് (22),ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകണി വീട്ടിൽ വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജിത ഭനിൽ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേർ ഒളിവിലാണ്.
പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗർ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാർ നടത്തിയ വിവാഹ സൽക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മിൽ കയ്യാങ്കളി നടന്നു. ഇതിൽ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിൻ പോത്തൻകോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആൾക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.