കൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലീഗ് പ്രവര്‍ത്തകർക്ക് ജവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈകോടതി. വിചാരണ കോടതി വെറുതെവിട്ട പ്രതികളെയാണ് ഹൈകോടതി ശിക്ഷിച്ചത്. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും ആറ്, 15, 16 പ്രതികൾക്കുമാണ് ശിക്ഷ വിധിച്ചത്. ഇതിൽ ഒന്നാം പ്രതി ഒളിവിലാണ്. ഷിബിന്‍റെ പിതാവ് ഭാസ്കരന് പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും നൽകണം. ഒളിവിലുള്ള ഒന്നാം പ്രതി തെയ്യമ്പാടി മീത്തലെ പനച്ചിക്കണ്ടി ഇസ്മായിലിനെതിരെ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പ്രതികളെ കഴിഞ്ഞ ദിവസം നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രണ്ടാംപ്രതി തെയ്യമ്പാടി മുനീർ, മൂന്നാംപ്രതി വാരങ്കണ്ടി താഴെക്കുനി സിദ്ധീഖ്, നാലാംപ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതാഴെക്കുനി ഷുഹൈബ്, 15, 16 പ്രതികളായ കൊച്ചന്റവിട ജാസിം, കടയംകോട്ടുമ്മൽ അബ്ദുസമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈകോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ചൊവ്വാഴ്ചക്കകം ഹാജരാക്കണമെന്ന് ഉത്തരവിട്ടിരുന്നു.