തൃശൂരിലെ ടിഎന്‍ടി ചിറ്റ്സ് ഉടമകളുടെ സകല സ്വത്തും ജപ്തി ചെയ്യാൻ ഉത്തരവ്

news image
Feb 6, 2024, 1:55 pm GMT+0000 payyolionline.in

തൃശൂര്‍: ഹൈറിച്ച് തട്ടിപ്പിന് സമാനമായി കോടികളുടെ തട്ടിപ്പ് നടത്തിയ ടി.എന്‍.ടി. ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമകളുടെയും സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. ബഡ്‌സ് ആക്ട് 2019 പ്രകാരം നിയമവിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് നടപടി. സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിനും വസ്തു വകകളുടെ താല്‍ക്കാലിക ജപ്തി സ്ഥിരമാക്കുന്നതിനും നിയുക്ത കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുമാണ് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവായത്.

പ്രതികളുടെ ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനായി സ്ഥാവര സ്വത്തുകളുടെ മഹസര്‍, ലൊക്കേഷന്‍ സ്‌കെച്ച്, തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും. ജില്ലാ രജിസ്ട്രാര്‍ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ തുടര്‍ന്നുള്ള വില്പന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും അടിയന്തരമായി നല്‍കും. പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തയ്യാറാക്കി കളക്രേ്ടറ്റിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും.

പ്രതികളുടെ പേരില്‍ ജില്ലയിലെ ബാങ്കുകള്‍ /ട്രഷറികള്‍ /സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാപന മേധാവിമാരും അടിയന്തരമായി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കാന്‍ തൃശൂര്‍ ലീഡ് ബാങ്ക് മാനേജറെ ചുമതലപ്പെടുത്തി.

ഉത്തരവ് ജില്ലയില്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് തൃശൂര്‍ സിറ്റി /റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ചുമതല. ബഡ്‌സ് ആക്ട് 2019 സെക്ഷന്‍ 14 (1) പ്രകാരം താല്‍ക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നതിന് ഡെസിഗ്‌നേറ്റഡ് കോടതി മുമ്പാകെ സമയബന്ധിതമായി ഹര്‍ജി ഫയല്‍ ചെയ്യേണ്ടതിനാല്‍ കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്രേ്ടറ്റില്‍ ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കരുവന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ടി.എന്‍.ടി. ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കോടികളുടെ തട്ടിപ്പാണ് നടത്തിയത്. സാധാരണക്കാരായ തൊഴിലാളികളാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും. തുച്ഛമായ ദിവസ വേതനത്തില്‍നിന്ന് ചിട്ടിക്കാശ് നല്‍കിയവരാണ് തട്ടിപ്പിനിരിയായത്. ചിട്ടികളുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പണം വാങ്ങാനെത്തിയവര്‍ സ്ഥാപനം പൂട്ടിക്കിടക്കുന്നതാണ് കണ്ടതോടെയാണ് തട്ടിപ്പു വിവരം പുറത്തറിഞ്ഞത്. 700 ലധികം വരുന്ന നിക്ഷേപകരുടെ കോടിക്കണക്കിനു രൂപ സ്വരൂപിച്ച് 2019 ഫെബ്രുവരി മാസത്തോടെയാണ് ചിട്ടി കമ്പനി പൂട്ടി ഉടമകള്‍ മുങ്ങിയത്. ജില്ലയ്ക്കകത്തും പുറത്തുമായി നാല്‍പ്പതിലധികം ശാഖകള്‍ ടി.എന്‍.ടി. ചിറ്റ്‌സിന് ഉണ്ടായിരുന്നു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നാനൂറിലധികം പരാതി വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe