തൃശൂരിൽ ആനയെ കൊന്ന്‌ കുഴിച്ചിട്ട സംഭവം: ഒന്നാം പ്രതിയായ സ്ഥലമുടമ കീഴടങ്ങി

news image
Jul 20, 2023, 10:13 am GMT+0000 payyolionline.in

തൃശൂർ : ചേലക്കരയിൽ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയൻചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിരുന്നു. മറ്റൊരു പ്രതി പാലാ സ്വദേശി സെബിയും കീഴടങ്ങി. ആനയെ കുഴിച്ചിടാൻ റോയി സഹായത്തിനു വിളിച്ച സുഹൃത്താണ് സെബി.

ഈ മാസം 14 നാണ് റോയിയുടെ റബർ തോട്ടത്തിൽ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളെ ഉടൻ തെളിവെടുപ്പിനെത്തിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയിൽ 10 പേരാണുള്ളത്.

കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേൽക്കാൻ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്. നേരത്തെ അറസ്റ്റിലായ ആനയുടെ കൊമ്പ് മുറിച്ചെടുത്ത അഖിലാണ് പ്രതി പട്ടികയിൽ രണ്ടാമൻ. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്.

സ്ഥലമുടമ റോയിയുടെ ഒപ്പം ചേർന്ന് ആനയെ കുഴിച്ചിട്ട കുമളിയിൽ നിന്നുള്ള മൂന്നുപേരും വാഴക്കോട് സ്വദേശികളായ രണ്ടു പേരും മൂന്ന് മുതൽ ഏഴ് വരെ പ്രതികളാകും. അഖിലിനൊപ്പം ചേർന്ന് ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച മൂന്ന് പേരും കേസിൽ പ്രതികളാണ്. ജൂൺ 14ന് പന്നിക്കെണിയിൽപെട്ട് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പ് റോയി അറിയാതെയാണ് അഖിൽ മുറിച്ചെടുത്തത്. റോയിയുടെ കുമളിയിലെ സുഹൃത്തുക്കളാണ് അഖിലിനെ വിളിച്ചു വരുത്തി കൊമ്പ് മുറിപ്പിച്ചതെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe