തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ്; പിടികൂടാനെത്തിയ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം, അറസ്റ്റ്

news image
May 11, 2023, 1:30 am GMT+0000 payyolionline.in

തൃശൂര്‍: വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് ( 20, പുല്ലന്‍) പീച്ചി പൊലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പീച്ചി എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിലങ്ങന്നൂര്‍ ചെന്നായപ്പാറ റോഡില്‍ കന്നുത്തങ്ങാടി കപ്പേളയ്ക്കു സമീപം യുവാവിനെ കാത്തുനില്‍ക്കുകയായിരുന്നു.

പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിപ്പിച്ച് പൊലീസുകാര്‍ക്കു നേരേ ഇടിച്ചുകയറ്റി. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പീച്ചി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ കിരണിനു പരിക്കേറ്റു. വലതുകാലിലെ മുട്ടിനു മുകളില്‍ പരുക്കേറ്റ അദ്ദേഹത്തെ ഉടനെത്തന്നെ ചികിത്സയ്ക്കു വിധേയനാക്കി.  ഇതിനിടയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘങ്ങളും ചേര്‍ന്ന് പ്രതിയെ പിടികൂടി.

പാണഞ്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ വന്‍തോതില്‍ ഉള്ള ലഹരിവസ്തുക്കള്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന സംഘങ്ങളിലെ ഒരു കണ്ണിയാണ് അജിത്ത്. പീച്ചി പോലീസില്‍ ഒരു കൊലപാതക ശ്രമ കേസിലും, കഞ്ചാവ് ലഹരി വസ്തു വില്പന കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മണ്ണുത്തി, ഒല്ലൂര്‍,തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. സി.പി.ഒ മാരായ വിഷ്ണു, അഭിജിത്ത്, എന്നിവരാണ് പ്രതിയെ പിടിച്ച സംഘത്തില്‍ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe