‘തൃശൂരെടുത്ത്’ സുരേഷ് ഗോപി; കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് ആദ്യം

news image
Jun 4, 2024, 10:14 am GMT+0000 payyolionline.in

തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലൂടെ കേരളത്തിന്റെ ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി ബി.ജെ.പി. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി 70,000 ത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. കേരളത്തിൽ ആദ്യമായാണ് ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്.

എൽ.ഡി.എഫിന്റെ വി.എസ്. സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്. അതേസമയം സിറ്റിങ് മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. തൃശൂർ നിലനിർത്താൻ കോൺഗ്രസ് കളത്തിലിറക്കിയ കരുത്തനായ നേതാവ് കെ.മുരളീധരനാണ് ദയനീയമായി പരാജയപ്പെട്ടത്. 38 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് സുരേഷ് ഗോപി തൃശൂരിൽ ചരിത്ര വിജയം നേടിയത്.

2019ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ 39.83 ശതമാനം വോട്ടുകൾ നേടി 93,633 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യൂ 30.85 ശതമാനം വോട്ടുകൾ നേടി രണ്ടാമതും 28.19 ശതമാനം വോട്ടുകൾ നേടി മൂന്നാമതുമായിരുന്നു.

മണ്ഡല ചരിത്രത്തിൽ ഇന്നുവരെ രണ്ടാം സ്ഥാനത്ത് പോലും എത്താത്ത ബി.ജെ.പി സുരേഷ് ഗോപിയിലൂടെ ചരിത്രം തിരുത്തുകയായിരുന്നു. 2009ൽ 6.7 ശതമാനം വോട്ടുകൾ നേടിയ ബി.ജെ.പി 2014ൽ 11.15 ശതമാനമായും 2019ൽ സുരേഷ് ഗോപിയിലൂടെ 28.19 ശതമാനം വോട്ടുകൾ വർധിപ്പിച്ചിരുന്നു. ഇതാണ് 2024ൽ 38 ശതമാനത്തിലെത്തിച്ചത്.

വിജയം ഉറപ്പിച്ചതോടെ സുരേഷ് ഗോപിയുടെ തിരുവനന്തരപുരത്തെ വീട്ടിൽ മധുരം വിളമ്പിയാണ് കുടുംബം ആഘോഷിച്ചത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കർ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചു.

സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നാളെ തൃശൂരില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe