തൃശൂർ പൂരം വെടിക്കെട്ട് പുരക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ

news image
May 14, 2022, 10:22 am IST payyolionline.in

തൃശൂർ: മദ്യലഹരിയിൽ തൃശൂർ പൂരം വെടിക്കെട്ട്​ പുരക്ക്​ സമീപം പടക്കം പൊട്ടിച്ച മൂന്ന്​ യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ ദുരന്തം​ ഒഴിവായി. കോട്ടയം താഴത്തങ്ങാടി പുളിത്താഴെ അജി (42), കോട്ടയം കാഞ്ഞിരപ്പള്ളി കരോട്ടുപറമ്പിൽ ഷിജാസ് (25), തൃശൂർ എൽത്തുരുത്ത് തോട്ടുങ്ങൽ നവീൻ (33) എന്നിവരാണ്​ അറസ്റ്റിലായത്​.

 

നവീൻ പടക്ക വ്യാപാരിയാണ്​. വിഷുവിന്​ ബാക്കിവന്ന പടക്കം കാറിൽ കൊണ്ടുവന്ന്​ തൃശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരക്ക്​ സമീപം വെച്ചാണ്​ മൂവർ സംഘം ‘വെടിക്കെട്ട്’​ തുടങ്ങിയത്​. ആളുകൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മഫ്തിയിൽ അതുവഴി വന്ന തൃശൂർ എ.സി.പി വി.കെ. രാജു യുവാക്കളെ തടഞ്ഞശേഷം പട്രോളിങ്​ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു.

പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച പൊലീസിനെ കായിക ബലത്തിൽ എതിർത്ത പ്രതികളെ ഏറെ പ്രയാസപ്പെട്ടാണ്​ കീ​ഴ്​പ്പെടുത്തിയത്​. വെടിക്കെട്ട്​ പുരക്ക്​ പൊലീസ്​ കാവലുണ്ടായിരുന്നു. കോട്ടയത്തുനിന്ന്​ തൃശൂർ പൂരം വെടിക്കെട്ട്​ കാണാൻ എത്തിയതാണ് പ്രതികളിൽ രണ്ടുപേർ. മഴയെത്തുടർന്ന്​ വെടിക്കെട്ട്​ നടത്താതിരുന്ന നിരാശയിലാണ്​ പ്രവൃത്തി ചെയ്തതെന്ന്​ പൊലീസ്​ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe