തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക്; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

news image
Sep 14, 2022, 9:56 am GMT+0000 payyolionline.in

കൊച്ചി: പൂരപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവർത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റി ആണ് കോടതിയെ സമീപിച്ചത്. നിലവിൽ നിയന്ത്രണങ്ങളോടെ പൊതുപരിപാടികളിൽ ആനയെ എഴുന്നള്ളിക്കാറുണ്ട്.

 

2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്ക് വന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്‍റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. 2019ൽ വിലക്കിനിടയിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ അനുമതി ലഭിച്ചത്. അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന തെക്കേ ഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.

 

രാമചന്ദ്രന്‍റെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്നു പോലും ആളുകളെത്തിയിരുന്നു. തലപ്പൊക്കത്തില്‍ ഏറെ പേര് കേട്ട ആനയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍. ഫേസ്ബുക്ക് അക്കൗണ്ടും നിരവധി ഫാന്‍സ് ഗ്രൂപ്പുകളുമുള്ള ആനയാണ് ഈ ഗജവീരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe