തെരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

news image
Apr 24, 2024, 11:32 am GMT+0000 payyolionline.in

തിരുവനന്തപുരം: 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സെന്ററുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്‌കരണവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സെന്ററുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുക്കണം. സംഭരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഹരിതകര്‍മ്മസേനയ്‌ക്കോ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ കൈമാറിയിട്ടുണ്ടെന്ന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് ഉദ്യോഗസ്ഥന്‍, ഹരിതകര്‍മ്മസേന, ഏജന്‍സി എന്നിവരെ ചുമതലപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി അല്ലെങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉത്തരവ് പുറപ്പെടുവിക്കണം. മാലിന്യങ്ങള്‍ ശേഖരിച്ച് എം.സി.എഫ്, ആര്‍.ആര്‍.എഫില്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാന്‍ മുന്‍കൂട്ടി തയ്യാറാക്കി വാഹന സൗകര്യം ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ ഏര്‍പ്പെടുത്തണം.

മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്തിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, ബന്ധപ്പെട്ട വരണാധികാരികരി, ഉപവരണാധികാരി, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് ലഭ്യമാക്കണം. വിവിധ തിരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍ പിടിച്ചെടുക്കുന്ന ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe