‘തെലങ്കാനയില്‍ ഓപ്പറേഷന്‍ താമര’: എംഎൽഎമാർക്ക് കൈക്കൂലി നൽകാന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്

news image
Oct 27, 2022, 6:09 am GMT+0000 payyolionline.in

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ നാല് എംഎൽഎമാർക്ക് കൈക്കൂലി നൽകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി തെലങ്കാന പോലീസ്. ബുധനാഴ്ച വൈകീട്ട് വിവരം പൊലീസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് തെലങ്കാനയിൽ “ഓപ്പറേഷൻ താമര” എന്ന് ആരോപണം ഉയർന്നത്.

ഫാം ഹൗസിൽ നടന്ന ചർച്ചയിൽ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ഇന്നലെ രാത്രി വൈകി പോലീസ് പറഞ്ഞു. തെലങ്കാന രാഷ്ട്ര സമിതിയുടെ ഒരു എം‌എൽ‌എ നൽകിയ സൂചനയെത്തുടർന്ന്, “ഇടപാട്” പുരോഗമിക്കുന്ന ഫാംഹൗസിൽ പോലീസ് റെയ്ഡ് നടത്തിയതായി പോലീസ് മേധാവി സ്റ്റീഫൻ രവീന്ദ്ര എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

പ്രധാന ടിആര്‍എസ് നേതാവിന് 100 കോടി രൂപയും. ഓരോ എംഎൽഎമാർക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം. പാർട്ടി മാറാൻ തങ്ങളെ പ്രലോഭിപ്പിക്കാന്‍ കൈക്കൂലി വാഗ്ദാനം ഉണ്ടെന്ന് പറഞ്ഞ് എംഎൽഎമാരാണ് പോലീസിന് വിവരം നല്‍കിയത് എന്നാണ്  പോലീസ് മേധാവി എൻഡിടിവിയോട് പറഞ്ഞത്. പാർട്ടി മാറാൻ വലിയ പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായി അവർ പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതിയിൽ നിന്നുള്ള  ഡി സിംഹയാജി, വ്യവസായി നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

വ്യാജ തിരിച്ചറിയൽ രേഖകളുമായാണ് എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക്  ഇവർ ഹൈദരാബാദിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.  എം.എൽ.എമാരിൽ ഒരാളായ രോഹിത് റെഡ്ഡിയാണ് ഇടപാട് നടത്തിയ ഫാം ഹൗസിന്റെ ഉടമ. ഇദ്ദഹം തന്നെയാണ് പരാതിക്കാരൻ എന്നാണ് ലഭിക്കുന്ന വിവരം. പണം വാഗ്ദാനം ചെയ്യപ്പെട്ട നാല് എംഎൽഎമാരെയും ടിആർഎസ് അധ്യക്ഷൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്കാണ് കൊണ്ടുപോയി എന്നാണ് വിവരം.

അതേ സമയം സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും അദ്ദേഹത്തിന്റെ പാർട്ടിയും ‘ഓപ്പറേഷന്‍ താമര’ നാടകം സംഘടിപ്പിച്ചതെന്ന് തെലങ്കാന ബിജെപി നേതാക്കളായ ഡികെ അരുണയും നിസാമാബാദിലെ ബിജെപി എംപി ഡി അരവിന്ദും ആരോപിച്ചു.

“ഇതൊരു നാടകമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലമായ മുനുഗോഡിൽ ടിആർഎസ് തോൽക്കുന്നുവെന്ന് കെസിആർ മനസ്സിലാക്കി. അതിനാലാണ് അവർ ഈ നാടകം സംഘടിപ്പിച്ചത്,” ബിജെപി നേതാവ് വിവേക് ​​വെങ്കിടസ്വാമി ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe