ഹൈദരാബാദ്: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ തെലങ്കാനയിൽ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു. മൂന്ന് പെൺകുട്ടികളുൾപ്പെടെയാണ് മരിച്ചത്. മരിച്ചവരിൽ അഞ്ചുപേർ ഹൈദരാബാദിലും ഒരാൾ നിസാമാബാദിലുമാണ്.
17 കാരിയായ പെൺകുട്ടി ഹൈദരാബാദിലെ വനസ്തലിപുരത്തുള്ള വീട്ടിലാണ് ആത്മഹത്യ ചെയ്തത്. റായ് ദുർഗത്തിൽ മരിച്ച 16 കാരി പ്ലസ് വൺ വിദ്യാർഥിയാണ്. പ്ലസ് വൺ പരീക്ഷാ ഫലവും ഇതോടൊപ്പം വന്നിരുന്നു. മരിച്ചവരിൽ മൂന്നാമത്തെ പെൺകുട്ടി പാഞ്ചഗുട്ടയിലെ പ്ലസ് ടു വിദ്യാർഥിയാണ്.
ആൺകുട്ടികളിൽ നെരെന്മറ്റിലെയും സെയ്ഫാബാദിലെയും വിദ്യാർഥികളാണ് മരിച്ച രണ്ടുപേർ. ഇവർ പ്ലസ് ടു വിദ്യാർഥികളും നിസാമാബാദിലെ അർമൂരിൽ ആത്മഹത്യ ചെയ്തത് പ്ലസ് വൺ വിദ്യാർഥിയുമാണ്.
ഏപ്രിലിൽ തെലങ്കാനയിലെ മഹ്ബൂബബാദിലെ ആദിവാസി വിദ്യാർഥി എം.ബി.ബി.എസ് സീറ്റ് കിട്ടുന്നതിനാവശ്യമായ മാർക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിക്കില്ലെന്ന് ഭയന്ന് ആത്മഹത്യ ചെയ്തിരുന്നു. ആ വിദ്യാർഥിക്ക് പരീക്ഷാ ഫലം വന്നപ്പോൾ 1000ൽ 892 മാർക്കുണ്ടായിരുന്നു.
രണ്ട് ആഴ്ച മുമ്പ് ആന്ധ്ര പ്രദേശിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ ഒമ്പത് വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.