തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 12 മണികൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. ബുധനാഴ്ച ഉച്ചയോടെ അതി തീവ്ര ന്യുനമർദ്ദമായി ശക്തി കുറഞ്ഞു ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ വർഷത്തെ നാലാമത്തെയും ബംഗാൾ ഉള്‍ കടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റ് ആണ് ഇറാൻ പേര് നിർദ്ദേശിച്ച ഹമൂൺ. 2018 ഒക്ടോബറിന്‍റെ അതേ ആവര്‍ത്തനമാണ് 2023 ഒക്ടോബറിലും സംഭവിച്ചിരിക്കുന്നത്. അന്ന് ലുബാൻ, തിത്തലി എന്നിങ്ങനെ രണ്ട് ചുഴലിക്കാറ്റാണ് രൂപപ്പെട്ടത്. ഇപ്പോള്‍ അറബിക്കടലില്‍ തേജും ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂൺ ചുഴലിക്കാറ്റുമാണ് നില്‍ക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.