തൊടുപുഴയില്‍ യുവതിയെ കാറിൽ പിന്തുടര്‍ന്ന് ശല്യം ചെയ്യൽ, അശ്ലീല ചേഷ്ടകള്‍ കാണിക്കൽ, പൊലീസുകാരന് സസ്പെൻഷൻ

news image
Apr 13, 2024, 9:23 am GMT+0000 payyolionline.in

തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും  അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്ത  സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു. അറസ്റ്റു ചെയ്തു. കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പെരിങ്ങാശേരി ഒ.എം. മര്‍ഫിയെ (35) ആണ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ കേസെടുത്ത കരിമണ്ണൂര്‍ പൊലീസ് ഇന്നലെ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.  തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച വൈകുന്നേരം  6.15നാണ് സംഭവം തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോയപ്പോഴാണ് യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നത്.

 

കിളിയറ റോഡിലെ പാലത്തിന്റെ സമീപം എത്തിയപ്പോള്‍ കാര്‍ മുന്നില്‍ കയറ്റി വട്ടം നിര്‍ത്തി തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന് യുവതിക്കു നേരെ ഇയാള്‍ ചേഷ്ടകള്‍ കാട്ടി പെട്ടെന്ന് യുവതി മുന്നോട്ട് കടന്നതോടെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇയാള്‍ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി. ഇതോടെ യുവതി പേടിച്ച് അടുത്തുള്ള കടയില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

 

തുടര്‍ന്ന് യുവതി പിതാവിനെ വിളിച്ചു വരുത്തി കരിമണ്ണൂര്‍ പൊലീസില്‍ എത്തി പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ് പ്രതി പൊലീസുകാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മഞ്ചിക്കല്ല് സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരനാണ് ഇയാളെന്നാണ് പൊലീസിനു ലഭിച്ച വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe