തൊടുപുഴയിൽ 15കാരിയെ ബംഗാളിലേക്കു കടത്തി; ലക്ഷ്യമിട്ടത് ബംഗ്ലദേശ്?: പൊളിച്ച് പൊലീസ്

news image
Apr 29, 2023, 9:08 am GMT+0000 payyolionline.in

തൊടുപുഴ ∙ വെങ്ങല്ലൂരിൽനിന്ന് അതിഥി തൊഴിലാളി കടത്തിക്കൊണ്ടു പോയ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് കണ്ടെത്തിയത് ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽനിന്ന്. എസ്ഐ ജി.അജയകുമാറിന്റെ നേതൃത്വത്തിൽ തൊടുപുഴ പൊലീസ് നടത്തിയ മിന്നൽ വേഗത്തിലുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയത്. ബംഗാൾ വരെ നീണ്ട അന്വേഷണത്തിനൊടുവിൽ അവിടെയെത്തിയാണ് അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. അന്നുതന്നെ പ്രതിയായ ഡോംകാൽ സ്വദേശി സുഹൈൽ ഷെയ്‌ഖിനെയും (23) പിടികൂടി. പെൺകുട്ടിയുമായി ഇന്നലെ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.

പ്രതിക്ക് ബംഗ്ലദേശ് ബന്ധമുണ്ടെന്നും എസ്ഐ അജയകുമാർ വെളിപ്പെടുത്തി. പ്രതിയുടെ സഹോദരിയെ വിവാഹം ചെയ്തയച്ചത് ബംഗ്ലദേശിലേക്കാണ്. മാത്രമല്ല, ഇവരുടെ വീടും ബംഗ്ലദേശ് അതിർത്തിയോടു ചേർന്നാണ്. ഇവിടുത്തുകാർക്ക് നിശ്ചിത സമയത്ത് രേഖകളൊന്നും കൂടാതെ തന്നെ ബംഗ്ലദേശിലേക്കു കടക്കാൻ സംവിധാനമുള്ളതിനാൽ, പെൺകുട്ടിയെ ബംഗ്ലദേശിലേക്കു കടുത്താനുള്ള സാധ്യതയുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 25–ാം തീയതിയാണ് പെൺകുട്ടിയുമായി പ്രതി ബംഗാളിലെത്തുന്നത്. പിറ്റേന്നു തന്നെ കേരള പൊലീസിനും ഇവിടെയെത്താനായത് നിർണായകമായി. മാത്രമല്ല, പ്രതി മുൻപ് വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും അജയകുമാർ വ്യക്തമാക്കി.

ഈ മാസം 22ന് രാത്രിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. 23–ാം തീയതി പുലർച്ചെ തന്നെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ട് പോയത് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീട് മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കാണാതാകുന്നതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ തുടർച്ചയായി വിളി വന്ന നമ്പർ ശ്രദ്ധിച്ചു. ഈ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയും അതിഥി തൊഴിലാളിയുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചതെന്ന് അജയകുമാർ വിശദീകരിച്ചു.

ഇരുവരും ഇഷ്ടത്തിലായിരുന്നുവെന്ന് മനസ്സിലാക്കിയതോടെ പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ സൗഹൃദത്തെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ലെന്ന് അജയകുമാർ വിശദീകരിച്ചു. പ്രതിയുടെ സുഹൃത്തുക്കളെയും പെരുമ്പാവൂരിലുള്ള ചില ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും അവർക്കും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.

മിസ്സിങ് കേസിന്റെ ബംഗാൾ കണക്ഷൻ മനസ്സിലാക്കിയ അന്വേഷണ സംഘം 25–ാം തീയതി വൈകിട്ട് ബംഗാളിലേക്കു പോയി. പെൺകുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്നു. കുട്ടിയെ അടിയന്തരമായി കണ്ടെത്തേണ്ടതിനാൽ വിമാനമാർഗമായിരുന്നു യാത്ര. പിറ്റേന്നു രാവിലെ അവിടെത്തിയ സംഘം, ലോക്കൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അന്നുതന്നെ പെൺകുട്ടിയെ കണ്ടെത്തിയത്. പ്രതിയായ സുഹൈൽ ഷെയ്ഖ് പെൺകുട്ടിയെ ബന്ധുവീട്ടിലാക്കി മുങ്ങിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെയും അന്നു വൈകിട്ടോടെ വലയിലാക്കി. ശിശുക്ഷേമ സമിതിക്കു മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ പിതാവിനൊപ്പം വിട്ടു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ വാറന്റു വാങ്ങി കേരളത്തിലേക്കു കൊണ്ടുവന്ന് റിമാൻഡ് ചെയ്തു.

എസ്ഐ ജി.അജയകുമാർ, ഗ്രേഡ് എസ്ഐ പി.കെ. സലീം, എസ്‍സിപിഒ വിജയാനന്ദ് സോമൻ, സിപിഒ ഹരീഷ് ബാബു, വനിതാ സിപിഒ നീതു കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് ബംഗാളിലെത്തി കുട്ടിയെ കൊണ്ടുവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe