തൊഴിൽസഭയ്‌ക്ക്‌ കീഴിൽ ക്ലബ്ബുകളും ; ജില്ലാതല ഉദ്‌ഘാടനം ഒക്ടോബർ ആദ്യവാരം

news image
Sep 19, 2022, 5:38 am GMT+0000 payyolionline.in

തിരുവനന്തപുരം:  തദ്ദേശഭരണതലത്തിൽ സംസ്ഥാനമാകെ രൂപീകരിക്കുന്ന തൊഴിൽസഭകളുടെ കീഴിൽ അഭിരുചിക്ക്‌ അനുസരിച്ചുള്ള തൊഴിൽ ക്ലബ്ബുകളും രൂപീകരിക്കും. തൊഴിൽസഭയിൽ പങ്കെടുക്കുന്നവരുടെ നൈപുണ്യം, പ്രവർത്തന പരിചയം, താൽപ്പര്യം, മറ്റുവിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെയും തൊഴിൽമാത്രം നേടാൻ ആഗ്രഹിക്കുന്നവരുടെയും വെവ്വേറെ തൊഴിൽ ക്ലബ്ബുകളാണ്‌ രൂപീകരിക്കുക.

 

പങ്കാളിത്തം, താൽപ്പര്യം എന്നിവയനുസരിച്ച്‌ തൊഴിൽ ക്ലബ്ബുകളുടെ എണ്ണം തീരുമാനിക്കാം. ഉചിതമായ പേര്‌ ക്ലബ്ബുകൾക്ക്‌ നൽകാം. ഓരോ ക്ലബ്ബിനും ടീം ലീഡർ അഥവാ അഡ്‌മിൻ ഉണ്ടായിരിക്കണം. സംരംഭക തൊഴിൽ ക്ലബ്ബുകൾക്ക്‌ പാർട്‌ണർഷിപ്, സഹകരണസംഘം, ഗ്രൂപ്പ്‌ സംരംഭം, ഏകാംഗ സ്ഥാപനം എന്നിങ്ങനെ തുടങ്ങാനാകും.

ജില്ലാതല ഉദ്‌ഘാടനം ഒക്ടോബർ ആദ്യവാരം
തൊഴിൽസഭകളുടെ സംസ്ഥാന ഉദ്‌ഘാടനം 20ന്‌ രാവിലെ 10ന്‌ പിണറായി ഗ്രാമപഞ്ചായത്ത് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന്, ഒക്ടോബർ ആദ്യവാരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ വാർഡുകളിൽ ജില്ലാ ചുമതലയുള്ള മന്ത്രിമാരോ വിശിഷ്ട വ്യക്തികളോ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ അധ്യക്ഷരുടെ വാർഡ്‌/ ഡിവിഷനുകളിൽ സ്ഥാപനതല ഉദ്‌ഘാടനവും മറ്റു തൊഴിൽസഭകളും ചേരും. പദ്ധതി ആസൂത്രണ നിർവഹണ മോണിറ്ററിങ്‌ ചെലവുകൾക്കുള്ള തുകയിൽനിന്ന്‌ തൊഴിൽസഭ സംഘാടനത്തിനുള്ള ചെലവ്‌ നിർവഹിക്കാം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe