ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും; പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം നടപടി

news image
Jan 28, 2022, 12:36 pm IST payyolionline.in

കൊച്ചി: നടി കേസിലെ ഉദ്യോഗസ്ഥരെ  അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ  മുൻകൂർ ജാമ്യ ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും. പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രധാന തെളിവ് ആയ മൊബൈൽ ഫോൺ ഹാജരാക്കിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ദിലീപിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് ഇതു പാലിക്കാത്തത് വ്യവസ്ഥകളുടെ ലംഘനമാണ്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മൊബൈൽ ഹാജരാക്കാൻ ദിലീപിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെടും.

 

 

 

ദിലീപ് അടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കാനായിരുന്നു കോടതി മാറ്റിയത്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ സാവകാശം വേണമെന്ന സർക്കാർ ആവശ്യത്തെ തുടർന്നായിരുന്നു നടപടി. ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ബുധനാഴ്ചവരെ നീട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്‍റെ  മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

 

അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് വിചാരണക്കോടതിയിൽ സമ‍ർപ്പിക്കും. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയെന്ന വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിനൊപ്പം വിസ്താര നടപടികൾ ദീർഘിപ്പിക്കാൻ വിചാരണക്കോടതി തന്നെ സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിക്കും. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ പക്കലുളള ദൃശ്യങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും പരിഗണിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe