ദില്ലിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; ഉഷ്ണതരംഗത്തെ തുടര്‍ന്നെന്ന് സംശയം; ഉത്തരേന്ത്യയില്‍ ചൂട് അതികഠിനം

news image
May 29, 2024, 5:44 am GMT+0000 payyolionline.in

ദില്ലി: ദില്ലിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ദില്ലിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരം​ഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരം​ഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചത് എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് ദില്ലി പൊലീസിന്റെ ഔദ്യോ​ഗിക ഭാഷ്യം.

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതികഠിനമാകുന്നു. ഇന്ന് പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ റെഡ് അലെർട്ട് തുടരും. ഇന്നലെ രാജസ്ഥാനിലെ ചുരുവിൽ ചൂട് 50 ഡിഗ്രിക്കും മുകളിലായി. ദില്ലിയിലെ മുൻഗേഷ്പൂരിൽ ചൂട് 49.9 ഡിഗ്രി വരെയായി അനുഭവപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe