ദില്ലി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്; 65 കോടി പിടിച്ചു; നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം

news image
Mar 11, 2024, 6:09 am GMT+0000 payyolionline.in

ദില്ലി: നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്‌. കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കിയിരുന്നു. ഇതിനെതിരെ കോൺഗ്രസ്‌ നൽകിയ ഹർജി ആദായ നികുതി അപ്പീൽ ട്രിബ്യൂണൽ തള്ളുകയായിരുന്നു. ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി ട്രൈബ്യൂണൽ സ്റ്റേ ആവശ്യം തള്ളിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് ഈ വിഷയത്തിൽ ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴ ചുമത്തിയതായും ട്രഷറർ അജയ് മാക്കനാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. അറിയിപ്പ് പോലും നല്‍കാതെയാണ് കോൺഗ്രസിന്‍റെ അക്കൗണ്ട് മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്.

 

കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പ‍ര്‍ ഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ പറ‍ഞ്ഞു. ഭാരത് ജോഡോ യാത്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്‍റെ എല്ലാ രാഷ്ട്രീയ നീക്കങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്‍ അടക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ കഴിയാത്ത സ്ഥിതിയാണന്നും അജയ് മാക്കൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe