എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍

news image
Nov 2, 2013, 12:20 am IST payyolionline.in
 തിന്മക്കെതിരെ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമായാണ് ദീപാവലി ആചരിക്കപ്പെടുന്നത്. സത്യത്തിലേക്കും പുതിയ വെളിച്ചത്തിലേക്കും മനുഷ്യന്‍നയിക്കപ്പെട്ട ദിനമായി ആചരിക്കുന്ന ദീപാവലി വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ആചാരചടങ്ങുകളോടെയാണ് ആഘോഷിക്കപ്പെടുന്നത്. ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ അഞ്ച് നാളുകള്‍ക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്. ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്റെ പുത്രനെ മരണവിധിയില്‍ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണ് ഇത്. രാജകുമാരന്‍ വിവാഹത്തിന്റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകത്തില്‍ പറയുന്നത്. രാജുകമാരന്റെ വിവാഹത്തിന്റെ നാലാം രാത്രിയില്‍ അദ്ദേഹത്തിന്റെ  ഭാര്യവീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും ഒരു കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി. ഒരു പാമ്പിന്റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. അന്നു രാത്രി മുഴുവന്‍ രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം. മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

നരകചതുര്‍ദശി അഥവാ ചോട്ടി ദിവാളി ദിനമായ കാര്‍ത്തിക മാസത്തിലെ പതിനാലാം ദിവസമാണ് ആഘോഷിക്കുന്നത്. നരകാസുകരനു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്. നരകാസുരനെ കൊന്ന് വിജയാഘോഷത്തില്‍ അസുരന്റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കി. ഇതിന്റെ ഓര്‍മയ്ക്കായി ചോട്ടി ദീവാളി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.

 മൂന്നാം ദിനം ലക്ഷ്മിപൂജ ദിനമാണ്. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി സൃഷ്ടിക്കപ്പെട്ട ദിനമാണ് ഈ

ദിവസമെന്നാണ് ഐതിഹ്യം. പദ്വ അഥവാ വര്‍ഷപ്രതിപാദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടക്കുന്നു. ഇതാണ് ഈ ദിവസത്തിന്റെ ഐതിഹ്യം- മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്‍ ശ്രീകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു. ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. അതിന്റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടക്കുന്നത്.
ഭയ-ദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിന്റെ ദേവനായ യമന്‍ തന്റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്. യമി യമന്റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് യമന്‍ പ്രഖ്യാപിച്ചു. സഹോദരീസഹോദരന്മാര്‍ക്കിടിയിലെ സ്നേഹത്തിന്റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe