ന്യൂഡൽഹി: ലിവ് ഇൻ പങ്കാളി ശ്രദ്ധ വാൽക്കറെ കൊന്ന കേസിൽ അഫ്താബ് പൂനെവാലക്കെതിരെ ഡൽഹി കോടതി കൊലക്കുറ്റം ചുമത്തി. തെളിവ് നശിപ്പിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രാഥമികമായി പ്രതിക്കെതിരായ കുറ്റം നിലനിൽക്കുന്നതാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് മനീഷ ഖുരാന കാക്കർ പറഞ്ഞു.
പങ്കാളിയായ ശ്രദ്ധ വാൽക്കറെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും തുടർന്നുള്ള 18 ദിവസവും പുലർച്ചെ എഴുന്നേറ്റ് മൃതദേഹത്തിന്റെ ഓരോ ഭാഗങ്ങളെടുത്ത് ഡൽഹിയിൽ വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു.
2022 മെയിൽ നടന്ന കൊലപാതകം മാസങ്ങൾക്ക് ശേഷമാണ് പുറംലോകമറിയുന്നത്. ശ്രദ്ധയുടെ സുഹൃത്ത് രണ്ടു മാസമായി ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് ശ്രദ്ധയുടെ പിതാവിനെ അറിയിക്കുകയും അത് പ്രകാരം പിതാവ് ഒക്ടോബറിൽ മകളെ കാണാനില്ലെന്ന് പരാതി നൽകുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രദ്ധ കൊല്ലപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ അടച്ചിരുന്നു.