ധനശേഖർ എവിടെ, വന്യമൃ​ഗം ആക്രമിച്ചതോ ആരെങ്കിലും അപായപ്പെടുത്തിയതോ?എങ്ങുമെത്താതെ അന്വേഷണം, ദുരൂഹത

news image
Apr 25, 2023, 10:43 am GMT+0000 payyolionline.in

മൂന്നാര്‍: തോട്ടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ കാണാതായ തൊഴിലാളിയെ രണ്ട് വർഷത്തിനുശേഷവും കണ്ടെത്താനായിട്ടില്ല.  ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് മൂന്നാറിലും തമിഴ്നാട്ടിലുമടക്കം വിശദമായ അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. 2021 ഏപ്രില്‍ 20 നാണ് കടലാര്‍ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷന്‍ സ്വദേശിയായ ധനശേഖറിനെ കാണാതായത്.

വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്നാണ് ധനശേഖറിനെ കാണാതായതെന്നായിരുന്നു ആദ്യ നിഗമനം. ഒപ്പം പണിയെടുത്തിരുന്നവരാണ് ഇത്തരമൊരു സംശയം ഉയര്‍ത്തിയത്. തുടര്‍ന്ന് പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു. എസ്റ്റേറ്റില്‍ സൂക്ഷിച്ചിരുന്ന 12000 രൂപ വില വരുന്ന കീടനാശിനി കളവു പോയതില്‍ അന്വേഷണം നടന്നു വരുന്നതിനിടയിലായിരുന്നു തൊഴിലാളിയുടെ തിരോധാനം. ഈ കളവുമായി ബന്ധപ്പെട്ടുള്ള മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് ധനശേഖര്‍ കാണാതായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

ധനശേഖർ തമിഴ്നാട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിയെടെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ധനശേഖറിന്റെ ഭാര്യ ഗീതയും രണ്ടു കുട്ടികളും നമയക്കാടിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ഗീതയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഇപ്പോള്‍ ഇവർ താമസിക്കുന്നത്. ഒരു തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടും  തൊഴിലാളി സംഘടനകള്‍ നിസ്സംഗത പുലര്‍ത്തുകയാണെന്നുള്ള ആരോപണവും ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe