കോഴിക്കോട്: നഗരസഭകളുടെ വരുമാനം വർധിപ്പിച്ചാലേ ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കാനാവൂവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒരു ചെറിയ വർധന വരുത്തിയാൽ പോലും പത്തിരട്ടി വരുമാനം വർധിപ്പിക്കാനാവും. അഞ്ചുവർഷംമുമ്പ് നികുതി വർധിപ്പിക്കണമെന്ന ധനകാര്യകമീഷൻ ശുപാർശ നടപ്പാക്കിയിട്ടില്ല. വരുമാനം വർധിപ്പിക്കുമ്പോൾ സാധാരണക്കാരനെ ബാധിക്കാത്ത ചില നടപടി കൈകൊള്ളണമെന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോർപറേഷന്റെ വജ്രജൂബലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആറുമാസത്തിനകം സമഗ്ര നഗരവികസനനയം ആവിഷ്കരിക്കും. 2031ൽ 95 ശതമാനം പേർ നഗരവാസികളാവുന്ന കേരളത്തിൽ സമഗ്രനയം അനിവാര്യമാണ്. നഗരവൽക്കരണത്തിൽ പ്രധാനപ്രശ്നം മാലിന്യ സംസ്കരണമാണ്. നഗരമാലിന്യസംസ്കരണത്തിന് 5000 കോടിയുടെ പദ്ധതി ലഭ്യമാണ്. ഫണ്ട് ചെലവഴിക്കാൻ പറ്റുന്നില്ല എന്നതാണ് പ്രശ്നം. പലയിടത്തും ചില ശക്തികൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് ആളുകളെ ഇറക്കിവിടുകയാണ്. വജ്രജൂബിലി വർഷത്തിൽ ആദ്യത്തെ സമ്പൂർണ മാലിന്യമുക്തനഗരമായി മാറാൻ കോഴിക്കോടിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി.
