നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനക്കെന്ന പേരിൽ ലക്ഷങ്ങൾ തട്ടി; മൂന്ന് മലയാളികളടക്കം നാലംഗ സംഘം പിടിയിൽ

news image
May 9, 2023, 10:14 am GMT+0000 payyolionline.in

ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം പിടിയിൽ. കോടമ്പാക്കത്തെ ഹോട്ടലില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശി ഗുബൈബ് (37), വൈക്കം സ്വദേശി ജിത്തു ജയൻ (24), മലപ്പുറം സ്വദേശി എസ്. ഇർഷാദ് (21), ബംഗളൂരു സ്വദേശി സൂര്യ (39) എന്നിവരാണ് പിടിയിലായത്.

 

പണം തട്ടിയതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പുരാവസ്തുക്കൾ നൽകാമെന്ന് വാഗ്ദാനം നൽകി തന്നെ വിളിച്ചുവരുത്തി നാലംഗ സംഘം തോക്ക് ചൂണ്ടി അഞ്ചു ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സംഘത്തിൽനിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെയുള്ള സാമഗ്രികൾ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്.

വൻ ബിസിനസുകാരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപനക്കുണ്ടെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വിവരം കൈമാറുകയായിരുന്നു ഇവരുടെ രീതി. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്.

പണം നൽകാൻ തയാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും പരീക്ഷിക്കാനായി ഒരു കണ്ണട നൽകുകയും ചെയ്യും. ഒന്നും കാണുന്നില്ലെന്ന് പറയുമ്പോൾ കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നെന്ന വ്യാജേന നിലത്തിട്ട് പൊട്ടിക്കും. തുടർന്ന് കണ്ണടയുടെ വിലയായ ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. പിന്നീട് സംഘത്തിലെ പൊലീസ് വേഷം ധരിച്ച രണ്ടുപേർ തോക്കുമായി റൂമിലേക്ക് കടന്നുവരുകയും പണം നൽകി നഗ്നത കാണാൻ തയാറാകുന്നവരെ പരിഹസിക്കുകയും ചെയ്യും. ഒടുവിൽ ഇടപാടുകാർ പണം നൽകി മുങ്ങുകയാണ് പതിവ്. മാനഹാനി ഭയന്ന് ഇരകൾ പരാതിപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവർ തട്ടിപ്പ് തുടർന്നിരുന്നത്. ഐശ്വര്യം കൊണ്ടുവരുന്ന കോപ്പറും ഇറിഡിയവും ഉപയോഗിച്ച് നിർമിക്കുന്ന പ്രത്യേക പാത്രം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe