നഗ്‍ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവതി ബ്യൂട്ടീഷനെ കൊന്ന് വെട്ടിനുറുക്കി കഷ്ണമാക്കി

news image
Sep 24, 2022, 5:49 am GMT+0000 payyolionline.in

ചെന്നൈ: ഒരാഴ്‍ച മുൻപ്  കോയമ്പത്തൂരിലെ തുടിയലൂരിൽ റോഡരികില്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈപ്പത്തിയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് അസാധാരണ പ്രതികാരം. ബ്യൂട്ടീഷനെ ആസൂത്രിതമായി കൊലപ്പെടുത്തി 12 കഷണങ്ങളായി മുറിച്ചു കോയമ്പത്തൂരിലെ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച മുൻ കാമുകി ഉൾപ്പെടെ മൂന്നുപേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു. നഗരത്തിലെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്‌തിരുന്ന ഈറോഡ് സ്വദേശിയായ  ആർ.പ്രഭു(28)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രഭുവിന്റെ മുൻകാമുകി ആർ.കവിത(39), സുഹൃത്തുക്കളായ അമുല്‍ ദിവാകര്‍ (34), കാർത്തിക് (28) എന്നിവരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു.

 

 

സെപ്റ്റംബർ 15 ന്  തുടിയലൂരിൽ കോയമ്പത്തൂർ കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ ചോരയിൽ കുതിർന്ന പ്ലാസ്‌റ്റിക് ബാഗ് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. ബാഗിൽ മുറിച്ചുമാറ്റിയ നിലയിൽ കൈപ്പത്തി കണ്ടതോടെ പൊലീസിൽ വിവരമറിയിച്ചു. കോയമ്പത്തൂരിലും പരിസരങ്ങളില്‍നിന്നും കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രഭുവിലേക്കെത്തിയത്.

 

സെപ്റ്റംബർ 14ന് ഈറോഡ് സ്വദേശിയായ യുവാവിനെ കാണാതായതായി കാട്ടൂർ പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. പ്രഭുവിനെ അവസാനമായി വിളിച്ചതു  കവിതയാണന്നു ഫോണ്‍ രേഖകളില്‍ നിന്നു സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തിരുപ്പൂരിലെ കിണറ്റിൽ നിന്നാണു പ്രഭുവിന്റെ തല കണ്ടെത്തിയത്. എട്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് രാപകല്‍ പൊലിസ് നടത്തിയ നീക്കമാണു അതിക്രൂരമായ കൊലപാതകം തെളിയാൻ കാരണമായത്.

 

പ്രഭുവിന് കവിതയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും അടുത്തിടെ ഈ ബന്ധത്തിൽ ഉലച്ചിൽ വന്നതായും പൊലീസ് അറിയിച്ചു. ഇതോടെ കവിതയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രഭു ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ബന്ധം തുടരണമെന്നു പ്രഭു കവിതയെ നിർബന്ധിച്ചതോടെ സുഹൃത്തുക്കളുമായി ചേർന്ന് പ്രഭുവിനെ കൊലപ്പെടുത്താൻ കവിത തീരുമാനിക്കുകയായിരുന്നു.

സെപ്റ്റംബർ 14 ന് ഗാന്ധിനഗറിലെ പ്രതികളിൽ ഒരാളായ ദിവാകറിന്റെ താമസസ്ഥലത്തുവച്ചു മൂവരും പ്രഭുവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പന്ത്രണ്ട് കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പലഭാഗങ്ങളിലുള്ള കനാലുകളിലും കുപ്പത്തൊട്ടികളിലും തള്ളി. തുടിയലൂരിൽ വച്ച്  കോയമ്പത്തൂർ കോർപറേഷന്റെ വാഹനം കണ്ടതോടെ വെട്ടിമാറ്റിയ കൈപ്പത്തി പ്രതികൾ ട്രക്കിലേക്ക് എറിയുകയായിരുന്നു. ട്രക്കിൽ നിറയെ മാലിന്യമാണെന്നാണ് പ്രതികൾ വിചാരിച്ചതെന്നും എന്നാൽ ട്രക്ക് കാലിയായിരുന്നുവെന്നും പൊലീസ് പറയുന്നു. ട്രക്കിൽ കിടന്ന പ്ലാസ്‌റ്റിക് ബാഗ് ശുചീകരണ തൊഴിലാളികൾ തുറന്നു നോക്കിയതാണ് കേസിൽ നിർണായകമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe