നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

news image
Nov 25, 2021, 5:34 pm IST payyolionline.in

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെഅച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു ഉണ്ണികൃഷ്ണൻ. ഉമാദേവിയാ ഭാര്യ. ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി എന്നിവരാണ് മക്കൾ. അരുൺകുമാർ, സഞ്ജയ് എന്നിവരാണ് മരുമക്കൾ.

 

ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ് ദിവ്യ.

 

2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. പിന്നീട് 2017ലാണ്  വിവാഹമോചിതയാകുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്. ദിവ്യയുടെയും അരുണിന്‍റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത് കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു. മീനാക്ഷിക്കും അർജുനും ശേഷം എത്തിയ മകൾക്ക് ഐശ്വര്യ ഉണ്ണി അരുൺ കുമാർ എന്നാണ് പേര് നൽകിയത്. അനുജത്തി വിദ്യ ഉണ്ണിയും അഭിനേത്രിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe