നന്മ നിറഞ്ഞ നാട് കൂടെ നിന്നു ; പള്ളിക്കരയിലെ സ്വപ്ന വീടിൻറെ താക്കോൽ കൈമാറി

news image
Mar 17, 2023, 6:53 am GMT+0000 payyolionline.in

പയ്യോളി: ഒരു നാട് മുഴുവൻ നന്മ ചൊരിഞ്ഞ് കൂടെ നിന്നപ്പോൾ പള്ളിക്കരയിലെ നിർധന കുടുംബത്തിന് താമസിക്കാൻ വീടൊരുങ്ങി. നന്മ മഹല്ല് കൂട്ടായ്മയും ലൈഫ് മിഷൻ പദ്ധതിയും ചേര്‍ത്താണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോൽ ദാനം നന്മ പ്രസിഡൻ്റ് ആർ.കെ. റഷീദ് താക്കോൽ ദാനം നിർവഹിച്ചു .

പള്ളിക്കരയിലെ നന്മ മഹല്ല് കൂട്ടായ്മ പ്രവർത്തകർ പ്രളയ കാലത്ത് സന്നദ്ധ പ്രവർത്തനത്തിനെത്തിയപ്പോഴാണ് രണ്ട് പെൺകുട്ടികളടക്കം അഞ്ചു പേർ താമസിക്കുന്ന ഈ കുടുംബത്തിനു സുരക്ഷിതമായ മേൽക്കൂരയുള്ള ഒരു വീട് ഇല്ലെന്ന യാഥാർത്ഥ്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഈ കുടുംബത്തിനു ഒരു വീടൊരുക്കുക എന്ന സ്വപ്നവുമായി ‘നന്മ’ പ്രവർത്തകർ സജീവമായി കർമ രംഗത്തിറങ്ങിയതോടെ ഒരു കുടുംബത്തിൻറെ അതിജീവന സ്വപ്നങ്ങൾക്കാണ് ചിറക് മുളച്ചത്.

വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തകരും ഈ സദുദ്യമവുമായി സഹകരിച്ചു. കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ നാലു ലക്ഷം രൂപ യും സുമനസ്സുകളിൽ നിന്നും നന്മ ശേഖരിച്ച 8 ലക്ഷത്തോളം രൂപയും ചേർത്ത് 12 ലക്ഷത്തോളം രൂപ ചിലവഴിച്ചായിരുന്നു വീട് നിർമാണം.

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വീടിന്റെ നിർമാണം ചിട്ടയായ പ്രവർത്തനം കൊണ്ട് 4 മാസത്തിനുള്ളിൽ പൂർത്തിയാക്കുവാനും സാധിച്ചു. വീടുനിർമാണത്തിനായി നന്മയുടെ ആഭിമുഖ്യത്തിൽ ഒരു പ്രത്യേക വാട്ട് സാപ്പ് ഗ്രുപ്പ് രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കുടുംബത്തിനു തണലൊരുക്കാൻ ഒരു വീട് എന്ന സ്വപ്നം സഫലമാക്കാൻ സഹകരിച്ച സർക്കാരിനും പഞ്ചായത്ത് അധിക്യതർക്കും സഹായ സഹകരണങ്ങൾ ചെയ്ത സുമനസ്സുകൾക്കും നന്മ മഹല്ല് കൂട്ടായ്മ നന്ദി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe