നയന സൂര്യയുടെ മരണം: തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്‌പി മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷിക്കും

news image
Jan 9, 2023, 12:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും. മ്യൂസിയം പൊലീസ് അന്വേഷിച്ചിരുന്ന കേസ് തെളിയിക്കപ്പെടാത്ത കേസായി അവസാനിപ്പിച്ചിരുന്നു. മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത വർദ്ധിച്ചത്.

ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വകുപ്പുതല പരിശോധനയിലെ കണ്ടെത്തൽ. മതിയായ ശാസ്ത്രീയ തെളിവുകൾ പോലും ശേഖരിക്കാത്ത കേസിൽ മൂന്നു വർഷങ്ങൾക്കിപ്പുറം സത്യാവസ്ഥ പുറത്തു കൊണ്ടുവരുക ക്രൈം ബ്രാഞ്ചിന് വെല്ലുവിളിയായിരിക്കും.

 

നയനയെ മൂന്നു വ‍ർഷം മുൻപാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. എന്നാൽ കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. ഈയടുത്ത് കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. സംഭവത്തിൽ ദുരൂഹത വർധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കൾ രംഗത്തെത്തിയതോടെ കേസിന് വീണ്ടും അനക്കം വെച്ചു.

നയന സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്നാണ് മ്യൂസിയം പൊലീസ് കണ്ടെത്തിയത്. സഹോദരൻ മധു ഇക്കാര്യം തള്ളി രംഗത്ത് വന്നു. മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് അന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി. നയനയുടെ കഴുത്തിലെ പാടുകൾ നയനയുടെ നഖം കൊണ്ടതെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. ശരീരത്തിൽ ഉണ്ടായിരുന്നത് ചെറിയ മുറിവുകളെന്നും പൊലീസ് കളവ് പറഞ്ഞു. പൊലീസുകാരാണ് ഈ കേസിലെ ഒന്നാം പ്രതിയെന്നും അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും മധു ആവശ്യപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe