പരമക്കുടിയില്‍ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയില്‍ എത്തിയത്. തമിഴ്നാടിന്റെ തെക്കുകിഴക്കുള്ള രാമനാഥപുരം ജില്ലയിലാണ് പരമക്കുടി. അഭിഭാഷകനായ ടി. ശ്രീനിവാസന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുള്ള ആള്. ശ്രീനിവാസന്റെ ഭാര്യ രാജലക്ഷ്മി അമ്മാള്‍. തന്റെ സുഹൃത്ത് യാക്കൂബ് ഹസ്സനോടുള്ള ആത്മബന്ധം മുന്‍നിര്‍ത്തിയാവാം ശ്രീനിവാസന് മക്കളുടെ പേരിനൊപ്പം ഹാസന് എന്നു ചേര്‍ത്തത് എന്ന് ആധികാരികമല്ലാത്ത ഒരു കഥയുണ്ട്. ചാരുഹാസന് (സംവിധായകന് മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയുടെ പിതാവ്), ചന്ദ്രഹാസന്‍, നളിനി, കമലഹാസന് എന്നിങ്ങനെ നാലു മക്കള്‍. 1954-ലാണ് കമലഹാസന് ജനിച്ചത്.
ബാലനടന് എന്ന നിലയില്‍ ആറാമത്തെ വയസ്സില്‍ അഭിനയം ആരംഭിച്ച പ്രശസ്ത തമിഴ്നടനാണ് കമലഹാസന്. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയില്‍ നിര്മ്മാതാവ്എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തമിഴിനു പുറമെ, ഹിന്ദി , മലയാളം തുടങ്ങിയ ഇതര ഭാഷാചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയചാതുര്യം തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മികച്ച വിദേശഭാഷാചിത്രങ്ങള്‍ക്കായുള്ള അക്കാദമി അവാര്‍ഡിനുവേണ്ടി സമര്‍പ്പിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കമലഹാസന് അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്ര നിര്‍മ്മാണ കമ്പനി ആയ രാജ്കമല് ഇന്റര്‍നാഷണല്‍ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിര്‍മ്മാതാക്കള്‍. 1990-ല്‍ ഇന്ത്യന്‍ സിനിമാലോകത്തിനു കമലഹാസന് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം പത്മശ്രീ ബഹുമതി നല്കി ആദരിക്കുകയുണ്ടായി.സത്യഭാമ സര്‍വ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം ചില കലാകാരന്മാരില് ഒരാളാണ് കമലഹാസൻ.
കമലഹാസന് മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയില്‍ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദചിത്രമായ പുഷ്പകവിമാനം, അദ്ദേഹം സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ആറാം വയസ്സില്‍ അഭിനയിച്ച ആദ്യചിത്രത്തില്‍തന്നെ അദ്ദേഹത്തിന് ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി. കമലഹാസന് ഒരു നടന് എന്ന നിലയിലേക്ക് മുന്‍ നിരയിലേക്കു വരുന്നത് കെ ബാലചന്ദ്രര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന സിനിമയിലൂടെ ആയിരുന്നു. തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസന് ഈ സിനിമയിൽ ചെയ്തത്. 1983-ല്‍ മൂന്നാംപിറൈ എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. നിഷ്കളങ്കനായ ഒരു സ്കൂള്‍ അദ്ധ്യാപകന്റെ വേഷമാണ് അദ്ദേഹം അതില്‍ ചെയ്തത്. മണിരത്നം സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസന് രണ്ടാമത്തെ ദേശീയ പുരസ്കാരത്തിന് അര്‍ഹനായി. ടൈം മാഗസിന് ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.