നവംബറില്‍ മാസം തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 45,000 സൈബര്‍ കുറ്റകൃത്യങ്ങള്‍

news image
Dec 12, 2022, 10:31 am GMT+0000 payyolionline.in

കോയമ്പത്തൂർ: തമിഴ്‍നാട്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ ട്രെന്‍റിംഗെന്നും നവംബറില്‍ മാത്രം സംസ്ഥാനത്ത് 45,000 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും തമിഴ്‍നാട് പൊലീസ് ഡയറക്ടര്‍ ജനറല്‍ സി ശൈലേന്ദ്ര ബാബു പറഞ്ഞു. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണറേറ്റിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളെയും ഓൺലൈൻ തട്ടിപ്പുകളെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പോലീസ് നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം സംസ്ഥാനത്ത് 1,368 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ കണക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത കൊലപാതകങ്ങളെ അപേക്ഷിച്ച് 15 ശതമാനം കുറവാണെന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്തെ സിസിടിവി നിരീക്ഷണത്തെക്കുറിച്ച് സംസാരിക്കവെ, സംസ്ഥാനത്തുടനീളം സിസിടിവി ക്യാമറകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും പ്രധാന നഗരങ്ങളെ നിരീക്ഷണത്തിന് കീഴിലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ക്രിമിനലുകളെ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. കേരളത്തിൽ നിന്ന് കൊണ്ടുവന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ തള്ളുന്നത് തടയാൻ തെങ്കാശി, പൊള്ളാച്ചി, കന്യാകുമാരി എന്നിവിടങ്ങളിലെ ആറ് സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാൻ ടോൾ പ്ലാസകളിൽ ആധുനിക ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിലെ കരുമ്പുകടൈ, സുന്ദരപുരം, കാവുണ്ടംപാളയം എന്നിവിടങ്ങളിൽ മൂന്ന് പുതിയ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും തമിഴ്നാട് ഡിജിപ് സി ശൈലേന്ദ്ര ബാബു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe