നവകേരള സദസിനായി മതിൽ പൊളിക്കൽ; ഇത്തവണ പെരുമ്പാവൂരിൽ, സ്ഥലത്ത് പ്രതിഷേധം, മുന്‍പേ പൊളിഞ്ഞതെന്ന് സംഘാടകര്‍

news image
Dec 6, 2023, 6:08 am GMT+0000 payyolionline.in

കൊച്ചി: നവകേരള സദസിനായി പരിപാടി നടക്കുന്ന സ്കൂളുകളുടെ മതിൽ പൊളിക്കൽ തുടരുന്നു. നവകേരള സദസ്സിനായി എറണാകുളം പെരുമ്പാവൂരിലെ ​ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാ​ഗമാണ് പൊളിച്ചത്. നവകേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചതെന്നാണ് ആരോപണം. വേദിയിലേക്കുള്ള പ്രധാന കവാടത്തിന് പുറമെയാണ് വേദിയുടെ അരികിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ സ്കൂൾ മൈതാനത്തിന്റെ തെക്കെ അറ്റത്തോട് ചേർന്നുള്ള ഭാ​ഗത്ത് മതിൽ പൊളിച്ചത്. അതേസമയം, മതിൽ നേരത്തെ പൊളിഞ്ഞതെന്നാണ് സംഘാടക സമിതി വിശദീകരിക്കുന്നത്.

സ്കൂൾ പിടിഎ ആണ് മതിൽ പൊളിച്ച് ക്രമീകരണം ഒരുക്കിയതെന്നും സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് പറഞ്ഞു. അതേസമയം, മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട്  യൂത്ത് കോൺ​ഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നേതാക്കളാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. സംഭവത്തെതുടർന്ന് സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന ബസ് കടന്നുവരുന്നതിനായി പ്രധാന വഴിയുണ്ടായിരിക്കെയാണ് ആളുകള്‍ക്ക് കടന്നുവരുന്നതിന് വേണ്ടിമാത്രമായി മതില്‍ പൊളിച്ചത്. ഇതേതുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe