നവകേരള സദസ്സ്; കൊയിലാണ്ടിയില്‍ ഒരുക്കങ്ങൾ പൂർത്തിയായി, പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ

news image
Nov 23, 2023, 1:55 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി നവംബര്‍ 25 ന് നടക്കുന്ന നവകേരള സദസ്സിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.  മണ്ഡലത്തിലെ ആറു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വിളംബരജാഥകള്‍ സമൂഹത്തിലെ നാനാ തുറകളില്‍പെട്ട ആളുകളുടെ വന്‍ പങ്കാളിത്തം കൊണ്ടും ആകര്‍ഷണീയത കൊണ്ടും ശ്രദ്ധേയമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഇന്ന് വന്‍ജനപങ്കാളിത്തത്തോടെ ആകര്‍ഷകമായി വിളംബരജാഥകള്‍ നടക്കും.
അനുബന്ധ പരിപാടികളായ കൂട്ടയോട്ടം, ചിത്രകാരന്മാരുടെ കൂട്ടായ്മയായ കൂട്ടവര, മെഹന്തി ഫെസ്റ്റ് എന്നീ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. കൂടാതെ ഇന്നും നാളെയുമായി മണ്ഡലത്തിലെ വിവിധ കാലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഫ്ലാഷ്മോബ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
പരിപാടിയില്‍ ഉണ്ടാകുന്ന ജനപങ്കാളിത്തം കണക്കിലെടുത്ത് കൊയിലാണ്ടി നഗരത്തിലെ ഗതാഗത ക്രമീകരമങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേക്ക് ആളുകളെത്തിക്കുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ വടക്കുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കേരള ബാങ്കിന് അടുത്ത് തെക്കുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍റിന് മുന്‍വശത്തും നടേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് മുന്‍പായി  ആളുകളെയിറക്കി കോമത്തുകര ബൈപ്പാസിന്‍റെ പണി നടന്നുകൊണ്ടിരിക്കുന്നിടത്ത് പാര്‍ക്ക് ചെയ്യണം.
കാറുകളുള്‍പ്പെടെയുള്ള ചെറിയ നാലു ചക്ര വാഹനങ്ങള്‍ കൊയിലാണ്ടി ഓവര്‍ബ്രിഡ്ജില്‍ നിന്നും മുത്താമ്പി റോഡിലേക്കിറങ്ങുന്നിടത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങള്‍ കൊയിലാണ്ടി ലോറി സ്റ്റാന്‍റിലും കൊയിലാണ്ടി ആശുപത്രിയുടെ പഴയകെട്ടിടം പൊളിച്ച സ്ഥലത്തും കേരള ബാങ്കിന്‍റെ മുന്‍വശത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സ് (പഴയ ബോയ്സ് സ്കൂള്‍) ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
ജനങ്ങളില്‍ നിന്നും വിവിധ നിവേദനങ്ങള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍ സ്റ്റേഡിയത്തിന്‍റെ വടക്കുഭാഗത്ത് ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം സ്ത്രീകൾക്കും രണ്ടെണ്ണം മുതിർന്ന പൗരമാർക്കും ഒന്ന് ഭിന്ന ശേഷിക്കാർക്കും മാത്രമായി റിസർവ്വ് ചെയ്തിട്ടുണ്ട് . രാവിലെ എട്ടു മണി മുതൽ ആരംഭിക്കുന്ന നിവേദനം സ്വീകരിക്കൽ പരിപാടി കഴിയുന്നത് വരെ,  എല്ലാവരുടെയും നിവേദനം ഏറ്റുവാങ്ങുന്നത് വരെ തുടരും. പരിപാടിക്കെത്തുന്ന ജനങ്ങളെ സഹായിക്കാനായി മെഡിക്കല്‍,പോലീസ്,ഫയര്‍ എന്നിവരുടെയും വളണ്ടിയറുടെയും സേവനം സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.നവം.25 ന് രാവിലെ ഒമ്പത് മണിയ്ക്ക് സ്റ്റേജിൽ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന തായമ്പക ഉണ്ടായിരിക്കും . തുടർന്ന് നാടൻപാട്ട് സ്വാഗതഗാനം എന്നിവ ഉണ്ടായിരിക്കും. പത്ത് മണിയോട് കൂടി പൊതുപരിപാടി ആരംഭിക്കും
നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്ന ജനങ്ങള്‍ ബോയ്സ് സ്കൂള്‍ റോഡിലുള്ള ഗേറ്റിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. വാർത്താ സമ്മേളനത്തിൽ കാനത്തിൽ ജമീല എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, ജനറൽ കൺവീനർ. എൻ എം  ഷീജ, നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ്, പി വിശ്വൻ, കെ ദാസൻ, ടി കെ ചന്ദ്രൻ, എം പി ഷിബു, ഇ കെ അജിത്ത്, കെ ജീവാനന്ദൻ, കെ ഷിജു എന്നിവർ പങ്കെടുത്തു. രാവിലെ 8 മണിക്ക് കൗണ്ടർ ആരംഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe