നാദാപുരം : നാദാപുരം ബസ് സ്‌റ്റാൻഡും വ്യാപാര സമുച്ചയവും പുനർ നിർമിക്കുന്നതിനുള്ള 13.76 കോടി രൂപയുടെ പഞ്ചായത്ത് പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമായി. കരാർ നടപടികൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അറിയിച്ചു. 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഡിപിആർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റിയാണ് തയാറാക്കിയത്.
കാലപ്പഴക്കം കാരണം ജീർണിച്ച പഴയ ബസ് സ്‌റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് 2023ൽ കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജിലെ സ്ട്രക്‌ചറൽ വിഭാഗം നിർദേശിച്ചിരുന്നു. കെട്ടിടം പൊളിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് 2024 ഓഗസ്റ്റ് 28ന് പൊളിച്ചു തുടങ്ങി.ബസ് ബേയോടൊപ്പം പ്ലാനിനും സ്കെച്ചിനും ചീഫ് ടൗൺ പ്ലാനറിൽ നിന്നു കെട്ടിട നിർമാണ അനുമതിയും ലഭിച്ചിട്ടുണ്ട്. ഗ്രൗണ്ട് വാട്ടർ ലെവൽ ടെസ്റ്റും സോയിൽ ടെസ്‌റ്റും നേരത്തെ പൂർത്തീകരിച്ചതിനാൽ നടപടികൾ പൂർത്തിയായാലുടൻ പ്രവൃത്തി തുടങ്ങാം.
വിശാലമായ പാർക്കിങ് സൗകര്യത്തോടെയുള്ള ബേസ്മെന്റ് ബസ് ബേ, വെയിറ്റിങ് ഏരിയ, സാനിറ്റേഷൻ കോംപ്ലക്‌സ്, ലൈബ്രറി ഹാൾ, ശീതീകരിച്ച മിനി കോൺഫറൻസ് ഹാൾ, കടമുറികൾ എന്നിവയാണ് നിർമിക്കുക. സ്‌റ്റീൽ പ്രീ ഫാബ് സ്ട്രക്ചറിലായിരിക്കും നിർമാണം. എൽഎസ്‌ജിഡി ചീഫ് എൻജിനീയർ കെ.ജി. സന്ദീപ്. എക്സിക്യൂട്ടീവ് എൻജിനീയർമാരായ ചന്ദ്രൻ, റാണി എസ്. രാജ്, പഞ്ചായത്ത് എഇ ഡി.കെ.ദിനേശ്‌കുമാർ എന്നിവരുടെ പരിശോധനയിലും മേൽനോട്ടത്തിലുമാണ് നടപടികൾ പൂർത്തീകരിച്ചത്.