നാദാപുരം: ഭക്ഷ്യസുരക്ഷ വിഭാഗം നാദാപുരത്ത് രണ്ടാംതവണ പരിശോധന നടത്തി. പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. നാദാപുരം, കല്ലാച്ചി, ഭൂമിവാതുക്കൽ ടൗണിലെ പത്തൊമ്പത് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച അഞ്ചു സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി.
ഗുണനിലവാരമില്ലത്ത മത്സ്യവിൽപന നടത്തിയ കല്ലാച്ചിയിലെ ബി.കെ ഫിഷ് സ്റ്റാൾ, ഭൂമിവാതുക്കലിലെ വാണിമേൽ ഫിഷ് ബൂത്ത് എന്നിവക്കെതിരെ നടപടിയെടുത്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച കല്ലാച്ചിയിലെ ഗോൾഡൻ ലീഫ് കഫേക്കെതിരെ ഷെഡ്യൂൾ നാല് പ്രകാരം കേസെടുത്തു. നാദാപുരം ക്രീമറി ഫാസ്റ്റ് ഫുഡിൽ ദിവസങ്ങളായി ഒരേ എണ്ണയിൽ ഭക്ഷണപദാർഥങ്ങൾ നിർമിക്കുന്നത് കണ്ടെത്തി. നാദാപുരം മദീന ഫ്രൂട്ട്സ്റ്റാളിൽ വിൽപനക്കുവെച്ച കേട് വന്നതും, ചീഞ്ഞതുമായ 12 കിലോ പഴങ്ങൾ കണ്ടെത്തി നശിപ്പിച്ചു.
പരിശോധനക്ക് നാദാപുരം മേഖല ഭക്ഷ്യ സുരക്ഷ ഓഫിസർ ഫെബി മുഹമ്മദ് അഷ്റഫ്, ടെക്നിക്കൽ അസിസ്റ്റന്റ് ജിഷ്ണു ഗോപാൽ, എ.കെ. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.