കുന്നംകുളം: കേച്ചേരി ആയമുക്കിലെ പുഴയിൽ നാല് വര്‍ഷം മുമ്പ് യുവാവ് മുങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ വരന്തരപ്പിള്ളി വേലൂപ്പാടം ചുള്ളിപ്പറമ്പില്‍ സലീഷിനെ (42) കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
കൈപ്പറമ്പ് കരിപ്പോട്ടില്‍ ഗോപിനാഥന് നായരുടെ മകന് രജീഷാണ് (36) പുഴയിൽ മുങ്ങിമരിച്ചത്. 2019 നവംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ വെള്ളത്തിൽ മുങ്ങിമരിച്ചെന്നായിരുന്നു ആദ്യത്തെ കേസ്. എന്നാൽ, സംഭവശേഷം രജീഷിന്റെ ബന്ധുക്കളുടെ പരാതിയിൽ സലീഷിനെ പലതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ, പ്രതി കുറ്റം നിഷേധിച്ചിരുന്നു.
പുഴയിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ പ്രതി സലീഷിനെ കേച്ചേരി ആയമുക്കിൽ കൊണ്ടുവന്ന് തെളിവെടുക്കുന്നു
മരിച്ച യുവാവിന്റെ വീട്ടുകാർക്ക് സംഭവത്തിൽ സംശയം നിലനിന്നിരുന്നു. പിന്നീട് വീട്ടുകാർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പുഴയിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്.
എന്നാൽ, ഇയാളെ വെള്ളത്തിൽ മുക്കിപ്പിടിച്ച് കൊലപ്പെടുത്തിയതാണോയെന്നും സംശയിക്കുന്നു. സംഭവസമയം സലീഷിന്റെ സുഹൃത്തുക്കളായ മറ്റു അഞ്ചുപേർകൂടി ഒപ്പം ഉണ്ടായിരുന്നു. അവർക്ക് ഇക്കാര്യത്തിൽ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു. സലീഷിന്റെ മൊബൈൽ ഫോൺ പുഴയിലേക്ക് വലിച്ചെറിഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
എന്നാൽ, അക്കാര്യം പൊലീസ് പൂർണമായി അംഗീകരിച്ചിട്ടില്ല. ഇരുവരും സ്വകാര്യബസുകളിലെ ജീവനക്കാരായതിനാൽ സുഹൃത്തുക്കളുമായിരുന്നു. അറസ്റ്റിലായ പ്രതി വിവിധ ബസപകടങ്ങളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച വൈകീട്ട് ആറോടെ പ്രതിയെ കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.