മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കി അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും. നാസറിനെ താനൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഉച്ചയ്ക്കു ശേഷം പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഇയാളെ അപകടസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുമെന്നും സൂചനയുണ്ട്. ഇതിനായി കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. താനൂർ ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ കോഴിക്കോട്ടു നിന്ന് പിടിയിലായ നാസറിനെ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നെങ്കിലും, പിന്നീട് ജനരോഷം കണക്കിലെടുത്ത് തീരുമാനം മാറ്റിയിരുന്നു. അറസ്റ്റ് വിവരമറിഞ്ഞ് ഒട്ടേറെപ്പേരാണ് താനൂർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. തുടർന്ന് നാസറിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.
ബോട്ടിന്റെ സ്രാങ്ക് താനൂർ ഒട്ടുംപുറം സ്വദേശി ദിനേശനും ജീവനക്കാരൻ രാജനും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അപകടത്തിനു പിന്നാലെ നീന്തി കരയ്ക്കെത്തിയ ഇരുവരും രക്ഷപ്പെട്ടുവെന്നാണ് അനുമാനം. ഇവരും അപകടത്തിൽപ്പെട്ടെന്ന ധാരണയിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇവരെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
നാസറിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്, അന്വേഷണ ചുമതലയുള്ള താനൂർ ഡിവൈഎസ്പി കെ.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ചട്ടവിരുദ്ധമായി നിർമിച്ച ബോട്ടിന് അനുമതി ലഭിച്ച വഴിയും നിയമം ലംഘിച്ച് രാത്രി വൈകിയും സർവീസ് നടത്തിയതുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങൾ ആദ്യ ഘട്ടത്തിൽ ചോദിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, നാസറിനെ പൊലീസ് അന്വേഷിക്കുന്ന ഘട്ടത്തിൽ മൊബൈൽ ഫോണുമായി സഹോദരൻ ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് യാത്ര ചെയ്തത് അന്വേഷണം വഴി തെറ്റിക്കാനാണോ എന്നതു സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്.