നിക്ഷേപ തട്ടിപ്പ്: ഫ്ലാറ്റിൽ നിന്ന് മുങ്ങി പ്രവീൺ റാണ, കൊച്ചിയിൽ നിന്ന് നാല് വാഹനങ്ങൾ പിടിച്ചെടുത്തു

news image
Jan 9, 2023, 4:21 am GMT+0000 payyolionline.in

കൊച്ചി : സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ നാല് വാഹനങ്ങൾ പിടിച്ചെടുത്തു. കൊച്ചിയിൽ നിന്നാണ് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തത്. കലൂരിലെ ഫ്ളാറ്റിൽ നിന്ന് റാണ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. പൊലീസെത്തുമ്പോൾ റാണ ഫ്ളാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപെടുകയാണ് ഉണ്ടായത്. ഫ്ളാറ്റിലുണ്ടായിരുന്ന കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്.

പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്‍റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്.

 

അതിശയിക്കുന്ന വേഗത്തില്‍ വളര്‍ന്ന തട്ടിപ്പുകാരനാണ് പ്രവീൺ. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളെജില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്. മെല്ലെ മെല്ലെയത് സേഫ് ആന്‍റ് സ്ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനമായി രൂപം മാറി. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്‍. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ആന്‍റ് ടൂറിസം മേഖലയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു.

എന്നാല്‍ നിക്ഷേപകര്‍ക്കായി ഫ്രാഞ്ചൈസി എന്ന മറ്റൊരു തേന്‍ കെണി റാണ ഒരുക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയില്‍ അംഗമാകാം. നാൽപ്പത്തിയെട്ട് ശതമാനം വരെ പലിശ നല്‍കുമെന്നായിരുന്നു വാഗ്ധാനം. കാലാവധി തീര്ന്നാല്‍ മുതലും മടക്കി നല്‍കും. തുടക്കത്തില്‍ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയില്‍ നിക്ഷേപകരാക്കി. ഇതോടെ വമ്പന്‍ പ്രചരണങ്ങളും പരസ്യങ്ങളുമായി റാണ അരങ്ങ് കൊഴുപ്പിച്ചു. പൂനെയിലും കൊച്ചിയിലും ഡാന്‍സ് ബാറുകളും തുടങ്ങി. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളും നല്‍കി. പൊലീസുകാരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ബന്ധങ്ങളുണ്ടാക്കി. റാണയുടെ പരിപാടികള്‍ക്കായി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നിരന്നെത്തി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്വതന്ത്രനായി മത്സരിച്ച റാണ ആയിരം വോട്ടും നേടി. സിനിമയിലും ഒരു കൈ നോക്കി. ചോരന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയിലെ നായകനും റാണയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe