നിപാ പരിശോധന 
ശക്തമാക്കി തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ ; വ്യാജ 
പ്രചാരണങ്ങൾക്ക്‌ മറുപടി

news image
Sep 15, 2023, 3:03 am GMT+0000 payyolionline.in

തിരുവനന്തപുരം: പനി ലക്ഷണങ്ങളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന്റെ സാമ്പിൾ പരിശോധിച്ച്‌ നിപാ ഫലം പുറത്തുവിട്ടതോടെ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ വൈറോളജിയുടെ (ഐഎവി) പ്രവർത്തനം സംബന്ധിച്ച സംശയങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കും അവസാനം. 2018 ജൂണിൽ കേരളത്തിൽ ആദ്യമായി നിപാ കേസുകൾ കോഴിക്കോട്ട്‌ സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനത്ത്‌ ആദ്യ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കുന്നതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ തുടക്കം കുറിച്ചിരുന്നു. നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശവും നൽകിയിരുന്നു. തറക്കല്ലിട്ട്‌ എട്ടാം മാസത്തിൽ രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. നിപാ ഉൾപ്പെടെ 88 മാരക വൈറസുകൾ പരിശോധിക്കാൻ ഐഎവിയിൽ സൗകര്യമുണ്ട്‌. മങ്കിപോക്സ്‌, നോറോ വൈറസ്‌, ജപ്പാൻജ്വരം, വെസ്റ്റ്‌നൈൽ, സാൽമൊണെല്ല, മൈക്രോ പ്ലാസ്മ ന്യൂമോണിയ, സുപോവൈറസ്‌, റോട്ടാവൈറസ്‌, സിക ഹ്യൂമൻ പാപ്പിലോമാവൈറസ്‌, പേവിഷബാധ എന്നിവയൊക്കെ ഈ പട്ടികയിൽപെടും.

 

ഐസിഎംആർ/കേന്ദ്രമാർഗനിർദേശം കാരണം പരിശോധനാഫലം പ്രഖ്യാപിക്കാൻ ഇവിടെ കഴിയില്ല. ഇക്കാര്യത്തിൽ നടപടിക്ക്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെടും. ബയോസേഫ്‌റ്റി ലെവൻ 3 ലാബ്‌ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങളും സ്ഥാപനത്തിൽ നടക്കുന്നുണ്ട്‌. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി,- വെക്ടർ ഡൈനാമിക്‌സ് ആൻഡ്‌ പബ്ലിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി എന്നിങ്ങനെ എട്ട്‌ ലാബും പ്രവർത്തിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe