കൊല്ലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി ഇടതുപക്ഷ എം എൽ എയായ കെ ബി ഗണേഷ് കുമാർ രംഗത്ത്. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണുമെന്നും എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടു പോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ സാധാരണക്കാർക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവർ അതോർക്കണമെന്നും പത്തനാപുരം എം എൽ എ ആവശ്യപ്പെട്ടു. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും കെ ബി ഗണേഷ്‌കുമാർ എം എൽ എ തുറന്നടിച്ചു.