നിയമങ്ങളൊക്കെ ഒരുപാട് മാറിയില്ലെ; സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് ഗംഭീര്‍

news image
Jan 11, 2023, 6:31 am GMT+0000 payyolionline.in

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയെങ്കിലും വിരാട് കോലിയെയും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും റെക്കോര്‍ഡുകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സച്ചിന്‍ കളിച്ചിരുന്ന കാലത്തെ ക്രിക്കറ്റ് നിയമങ്ങളൊക്കെ ഒരുപാട് മാറിയെന്നും ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായാണ് കൂടുതല്‍ നിയമങ്ങളെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

 

സത്യസന്ധമായി പറഞ്ഞാല്‍ റെക്കോര്‍ഡുകളില്‍ വലിയ കാര്യമില്ല. വിരാട് കോലി ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് നമുക്കറിയാം. കാരണം, ക്രിക്കറ്റ് നിയമങ്ങള്‍ ഒരുപാട് മാറി. അതുകൊണ്ടു തന്നെ രണ്ട് കാലഘട്ടത്തിലെ കളിക്കാരെ താരതമ്യം ചെയ്യാനാവില്ല. സച്ചിന്‍റെ കാലഘട്ടത്തില്‍ രണ്ട് ന്യൂ ബോള്‍ എടുക്കുന്ന രീതിയോ, ഔട്ട് ഫീല്‍ഡില്‍ അഞ്ച് ഫീല്‍ഡര്‍മാരെ മാത്രം അനുവദിക്കുന്ന നിയന്ത്രണങ്ങളോ ഒന്നും വന്നിട്ടില്ലായിരുന്നു.  എങ്കിലും ദീര്‍ഘകാലം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന വിരാട് കോലി ഏകദിനത്തിലെ മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കപ്പെടാന്‍ അര്‍ഹതയുള്ള കളിക്കാരനാണെന്നതില്‍ തര്‍ക്കമില്ലെന്നും ഗംഭീര്‍ പറഞ്ഞു.

വിരാട് കോലി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയങ്ങളൊന്നുമില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മ‍ഞ്ജരേക്കര്‍ പറഞ്ഞു. സച്ചിന്‍റെ ഏകദിന സെഞ്ചുറി റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനി നാല് സെഞ്ചുറി കൂടി വിരാട് കോലിക്കെന്നും വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ കോലി അത് മറികടക്കുമെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു. ഏകദിനത്തില്‍ സച്ചിന് 49 സെഞ്ചുറികളും കോലിക്ക് 45 സെഞ്ചുറികളുമാണുള്ളത്. ഇന്നലെ ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയതോടെ നാട്ടില്‍ 20 സെഞ്ചുറികളുമായി കോലി സച്ചിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe