നിലനില്‍പ് അപകടത്തിലായ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പുകള്‍ അര്‍ഥരഹിതം: പ്രധാനമന്ത്രി

news image
Apr 27, 2023, 10:58 am GMT+0000 payyolionline.in

ബെംഗളൂരു∙ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സൗജന്യങ്ങള്‍ വിതരണം ചെയ്യുന്ന സംസ്‌കാരം രാഷ്ട്രീയപാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രചാരണവേളയില്‍ കോണ്‍ഗ്രസ് നടത്തുന്ന സൗജന്യവാഗ്ദാനങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ് തന്നെ ഇല്ലാതാകുമ്പോള്‍ അവര്‍ നല്‍കുന്ന ഉറപ്പുകള്‍ക്ക് യാതൊരു അര്‍ഥവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ണാടകയിലെ പ്രചാരണവേളയില്‍ കോണ്‍ഗ്രസ് വന്‍സൗജന്യ വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി. ബിപിഎല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും 10 കിലോ അരി സൗജന്യം, കുടുംബനാഥയ്ക്ക് പ്രതിമാസം 2000 സഹായം. ബിരുദധാരിയായ യുവാവിന് മാസം 3,000 രൂപ, ഡിപ്ലോമ ഉള്ള 18-25 വയസുകാര്‍ക്ക് പ്രതിമാസം 1,500 രൂപ എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.

ഇത്തരം സൗജന്യങ്ങള്‍ നല്‍കി സംസ്ഥാനങ്ങള്‍ കടം കയറി മുടിയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് ചില പാര്‍ട്ടികള്‍ രാഷ്ട്രീയം അധികാരത്തിനും അഴിമതിക്കുമുള്ള ഉപാധിയാക്കി മാറ്റിക്കഴിഞ്ഞു. ഇതു നേടാനായി അവര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ്. അത്തരം പാര്‍ട്ടികള്‍ രാജ്യത്തിന്റെയോ കര്‍ണാടകയിലെ യുവാക്കളുടെയോ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ബിജെപി കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചല്ല മറിച്ച് അടുത്ത 25 വര്‍ഷത്തെ ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. സൗജന്യങ്ങള്‍ നല്‍കി നിങ്ങളെ വിഡ്ഢികളാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ വരും തലമുറയെക്കുറിച്ച് ചിന്തിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്- മോദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe