നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും, 4 പാർട്ടികളെ ഒപ്പം കൂട്ടാൻ നീക്കം

news image
Jun 4, 2024, 9:04 am GMT+0000 payyolionline.in

ദില്ലി : ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിൽ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന  സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു.  ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി,  നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും.  നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 297 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസിന് നിലവിൽ 97 സീറ്റുകളിലാണ് ലീഡുളളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ് ഇന്ത്യാ മുന്നണിയിൽ  കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാർട്ടി.

നിലവിലെ സാഹചര്യത്തിൽ നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയും ഇന്ത്യാ മുന്നണിക്ക് ഒപ്പം നിന്നാൽ 30 സീറ്റുകൾ കൂടി ഇന്ത്യാ മുന്നണിയിലേക്ക് എത്തും. ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനർജി അടക്കം ചില സഖ്യകക്ഷികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഇന്ത്യാ മുന്നണിയുടെ കൺവീനർ സ്ഥാനം നിതീഷിന് നൽകി സർക്കാർ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അത്തരത്തിലൊരു നീക്കം നടത്താൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 400 സീറ്റെന്ന പ്രതീക്ഷയിലായിരുന്ന എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്.  കോൺഗ്രസിന്റെ വോട്ട് ഷെയർ കഴിഞ്ഞവട്ടം 19 ശതമാനമായിരുന്നു. ഇത് ഇത്തവണ 24.84 ശതമാനമായി മാറി. അഞ്ച് ശതമാനം വോട്ട് വിഹിതം കൂട്ടാൻ കോൺഗ്രസിന് സാധിച്ചു. എന്നാൽ അതേ സമയം, ബിജെപിക്ക് വോട്ട് ഷെയറിൽ വലിയ മാറ്റമുണ്ടായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe