നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണം; ഇളവ് തേടി തിരുവിതാംകൂർ ദേവസ്വംബോർഡ്

news image
Nov 25, 2021, 10:09 am IST

ശബരിമല: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലും ഇളവുകൾ ചർച്ചയായി.

 

തീർത്ഥാടനം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേ‍ർന്നത്. ഒരാഴ്ചത്തെ സ്ഥിതിഗതികളുടെ വിലയിരുത്തലിന് ശേഷമാണ് നിയന്ത്രണങ്ങളിലെ ഇളവ് ആവശ്യത്തിന് പച്ചക്കൊടി വീശുന്നത്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ നെയ് അഭിഷേകത്തിന് നിലവിൽ ഏ‍ർപ്പെടുത്തിയിരിക്കിന്ന ക്രമീകരണങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു.

 

മുൻകാലങ്ങളിലെ പോലെ തന്നെ ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ട് വരുന്ന നെയ്യ് അഭിഷേകം നടത്തി മടക്കി നൽകാനുള്ള സൗകര്യമാണ് വീണ്ടും ആലോചിക്കുന്നത്. സന്നിധാനത്ത് വിരി വയ്ക്കാനുള്ള അനുവാദം ഇല്ലാത്തതോടെ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ പരാമാവധി വേഗത്തിൽ മല ഇറങ്ങേണ്ടതാണ് നിലവിലെ സാഹചര്യം. നിശ്ചിത സമയത്തിനുള്ളിൽ മല കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത കൂടി മുൻ നിർത്തിയാണ് ഇളവ് തേടുന്നത്.

നീലിമല പാത തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിന് പിന്നാലെ എരുമേലിയിൽ നിന്നും പുല്ലുമേട്ടിൽ നിന്നുമുള്ള കാനന പാതയും വെട്ടിത്തെളിക്കാൻ വനം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പമ്പ സ്നാനത്തിന് സുരക്ഷയൊരുക്കാൻ ത്രിവേണിയിൽ ബാരിക്കേടുകൾ സ്ഥാപിക്കാൻ ജലസേചന വകുപ്പിനും നിർദേശം നൽകി. എന്നാൽ ജലനിരപ്പ് കുറഞ്ഞ ശേഷം മാത്രമായിരിക്കും അനുമതി നൽകുക. കുട്ടികളുടെ ആർടിപിസിആർ പരിശോധനയുടെ കാര്യത്തിലും ആരോഗ്യ വകുപ്പിനോട് ഇളവ് തേടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe