നെല്ല്‌ സംഭരിച്ചതിൽ കേന്ദ്രം കേരളത്തിന്‌ നൽകാനുള്ളത്‌ 1079 കോടി രൂപയാണെന്ന് സിപിഎം

news image
May 24, 2024, 4:20 am GMT+0000 payyolionline.in

തിരുവനന്തപുരം: നെല്ല്‌ സംഭരിച്ചതിൽ കേന്ദ്ര സർക്കാർ കേരളത്തിന്‌ നൽകാനുള്ളത്‌ 1079 കോടി രൂപയാണെന്ന് സിപിഎം. 2023-24ലെ നാലാം പാദത്തിലെ 195.38 കോടി രൂപയും 2024-25ൽ ഒന്നാം പാദത്തിൽ മുൻകൂറായി കിട്ടേണ്ട 376.34 കോടിയും നൽകിയിട്ടില്ല. മുൻവർഷങ്ങളിലെ കുടിശ്ശികയായി 507.28 കോടി രൂപയും ലഭിക്കാനുണ്ട്‌. അതേസമയം, കേന്ദ്രത്തിന്റെ പണത്തിന്‌ കാത്തിരിക്കാതെ കർഷകർക്ക്‌ തുക വിതരണം ചെയ്യുകയാണ്‌ സംസ്ഥാനമെന്നും സിപിഎം വ്യക്തമാക്കി.

സംഭരിച്ച നെല്ലിന്റെ ആകെ വിലയായ 1512.9 കോടി രൂപയിൽ 879.95 കോടിയും സപ്ലൈകോ വിതരണം ചെയ്തു. വിതരണത്തിൽ തടസമില്ലാതിരിക്കാൻ  ബാങ്കുകളുടെ കൺസോർഷ്യവുമായുള്ള കരാർ പ്രകാരം 224.26 കോടി രൂപ കൂടി പിആർഎസ് വായ്പയായി ഇനിയും ലഭിക്കും. താങ്ങുവിലയിനത്തിൽ കേന്ദ്രം നൽകിയ തുകയിൽ 130 കോടി രൂപകൂടി സപ്ലൈകോയുടെ പക്കലുണ്ട്‌.

കർഷകർക്ക് നെല്ലിന്റെ വില നൽകുന്ന നടപടി ഊർജിതമാക്കുന്നതിന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2023-24ലെ രണ്ടാം വിളവെടുപ്പിൽ സംസ്ഥാനത്ത്‌ 5,34,215.86 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഏറ്റവും കൂടുതൽ പാലക്കാടാണ്‌ 1,79,729.94 മെട്രിക് ടൺ. രണ്ടാമത് ആലപ്പുഴ 1,53,752.55. തൃശൂരിൽ 77,984.84 മെട്രിക്‌ ടണ്ണും കോട്ടയത്ത് 65,652.33 മെട്രിക് ടൺ നെല്ലുമാണ് സംഭരിച്ചതെന്നും സിപിഎം കണക്കുകൾ പുറത്ത് വിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe