നോർക്ക-യു.കെ. കരിയർ ഫെയർ രണ്ടാം ഘട്ടം മെയ് നാലു മുതൽ ആറ് വരെ

news image
May 2, 2023, 3:14 pm GMT+0000 payyolionline.in

കൊച്ചി: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള നോർക്ക-യു.കെ കരിയർ ഫെയറിന്റെ രണ്ടാഘട്ടത്തിന് വ്യാഴാഴ്ച തുടക്കമാകും. മെയ് നാലു മുതൽ ആറ് വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോട്ടലിലാണ് ഫെയർ നടക്കുക. കരിയർ ഫെയർ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.

യു.കെ യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്സുമാർ, ജനറൽ മെഡിസിൻ, അനസ്തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ സ്പെഷ്യാലിറ്റികളിലേക്കുളള ഡോക്ടർമാർ എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖങ്ങൾ നടക്കുക. റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂർണമായും യു.കെ യിലെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക.

ബിരുദാനന്തര ബിരുദത്തിനു ശേഷം നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്ലാബ് നിർബന്ധമില്ല. നഴ്സ് തസ്തികയിലേക്ക് ഒ.ഇ.ടി-ഐ.ഇ.എൽ.ടി.എസ് ഭാഷാ യോഗ്യതയും ( ഒ.ഇ.ടി പരീക്ഷയിൽ യു.കെ സ്കോറും) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

[email protected] എന്ന ഇ-മെയിൽ വിലാസത്തിൽ സി.വി, ഒ.ഇ.ടി സ്കോർ എന്നിവ അയക്കാവുന്നതാണ്. ഉദ്യോഗാർഥികൾക്ക് ബുധനാഴ്ച വരെ അപേക്ഷിക്കാവുന്നതാണെന്ന് നോർക്കാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

യു.കെ യിൽ എൻ.എച്ച്.എസ് (നാഷണൽ ഹെൽത്ത് സർവ്വീസസ്) സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പും യു.കെ യിലെ മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും ഫെയറിൽ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe