ന്യൂസിലൻഡ് വിമാനത്താവളത്തിൽ ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു; ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന്

news image
May 21, 2022, 5:53 pm IST payyolionline.in

വെല്ലിങ്ടൺ: വിദേശ യാത്രക്കാരനിൽനിന്നും രണ്ടു കുപ്പി ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചതായി ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് വിമാനത്താവളം അധികൃതർ. ഗോമൂത്രം ഗുരുതര അസുഖങ്ങൾക്ക് കാരണമാകുമെന്നും വിമാനത്താവള അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതിന്റെ ഭാഗമായ പതിവു സുരക്ഷാ പരിശോധനയിലാണ് രണ്ടു കുപ്പി ‘ഗോമാതാ’ ഗോമൂത്രം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബോട്ടിലുകളുടെ ചിത്രം പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രാലയം പുറത്തുവിട്ടു. കുടിവെള്ളം, തേൻ എന്നിവയ്‌ക്കൊപ്പം ഒഴിച്ചു കുടിക്കേണ്ടതാണ് ഗോമാതാ ഗോമൂത്രമെന്ന് കുപ്പിയിലെ നിര്‍ദേശത്തിലുണ്ട്. ദിവസം ഒഴിഞ്ഞ വയറിൽ ഒരു തവണയോ, അല്ലെങ്കിൽ രണ്ടു തവണയോ സേവിക്കാം. 110 രൂപയാണ് ഒരു കുപ്പിക്ക് വില. പതിനൊന്നു മാസം ഇത് കേടാകാതെയിരിക്കും.

യാത്രക്കാരന്റ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം സൂക്ഷിച്ചതെന്ന് യാത്രക്കാരൻ വിശദീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു. പിഴയോ വിചാരണയോ നേരിടേണ്ടി വരുമെന്നും പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കി.

‘ക്രൈസ്റ്റ്ചർച്ച് വിമാനത്താവളത്തിലെ പതിവ് പരിശോധനയിൽ രണ്ടു കുപ്പി ഗോമൂത്രം പിടിച്ചെടുത്തു നശിപ്പിച്ചു. ഇത്തരം ഉത്പന്നങ്ങൾ ഗുരുതര അസുഖങ്ങൾക്ക് കാരണമാകും. കാലിലും വായയിലും അസുഖങ്ങൾക്ക് കാരണമാകും. ചില ഹൈന്ദവ പാരമ്പര്യപ്രകാരം ഗോമൂത്രം പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജൈവസുരക്ഷാ ബുദ്ധിമുട്ടുകൾ മൂലം ഗോമൂത്രം രാജ്യത്തേക്ക് അനുവദിക്കാനാകില്ല’ -പ്രസ്താവനയിൽ പറയുന്നു.2015ൽ രണ്ടു കുപ്പി ഗോമൂത്രവുമായി എത്തിയ ഇന്ത്യൻ വംശജയായ യാത്രക്കാരിക്ക് ന്യൂസിലൻഡ് കസ്റ്റംസ് 400 ഡോളർ പിഴ ചുമത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe