പക്ഷിപ്പനി: ആശങ്ക വേണ്ട കരുതൽ മതി

news image
Jan 9, 2023, 2:47 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്‌ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.

രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രത്യേകം നിരീക്ഷണം നടത്തിവരികയാണ്‌. ഈ പ്രദേശങ്ങളിലുള്ളവർ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കണം. ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന്‌ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും മന്ത്രി അഭ്യർഥിച്ചു.

എന്താണ് പക്ഷിപ്പനി

പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി (ഏവിയൻ ഇൻഫ്‌ളുവൻസ). ഇതൊരു വൈറസ് രോഗമാണ്. പക്ഷികളിൽനിന്ന്‌ പക്ഷികളിലേക്കാണ് പകരാറുള്ളത്.  മനുഷ്യരിലേക്ക്‌ സാധാരണ ഗതിയിൽ പകരാറില്ല. എങ്കിലും അപൂർവമായി മനുഷ്യരിലേക്ക് പകരാൻ കഴിയുംവിധം വൈറസിന് രൂപഭേദം സംഭവിക്കാം. വൈറസ്ബാധ ഗുരുതരമായ രോഗകാരണമാകാം.
പ്രതിരോധ നടപടി സ്വീകരിക്കണം

കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരും  പ്രതിരോധ നടപടി സ്വീകരിക്കണം. പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയത്ത്‌ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച്മാത്രം കഴിക്കുക.

രോഗലക്ഷണം

ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തിൽ രക്തം മുതലായവയാണ് രോഗലക്ഷണങ്ങൾ. പകരാൻ സാധ്യതയുള്ളവർ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണം. പക്ഷികൾ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താൽ ഉടൻ  മൃഗസംരക്ഷണ വകുപ്പിനെയോ തദ്ദേശവകുപ്പിനെയോ അറിയിക്കണം. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe