പയ്യോളി: ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ള റോഡ് കയ്യേറി മണ്ണെടുത്ത സംഭവത്തില്‍ മൂന്ന് പേര് റിമാണ്ടിലായി. പയ്യോളി ഗ്രാമ പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡിലെ ചൊറിയന്‍ ചാല്-കിഴക്കെതാരേമ്മല് റോഡാണ് സ്വകാര്യ വ്യക്തി വീടിന്റെ തറ നികത്തുന്നതിനായി കുഴിച്ച് മണ്ണെടുത്തത്.
സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് പോലീസിന് നല്കിയ പരാതിയെ തുടര്‍ന്ന് അയനിക്കാട് ചൊറിയന്‍ ചാലില്‍ മാതാ നിവാസില്‍ രാജന് (54), തൊഴിലാളികളായ ചാത്തമംഗലം കോളനിയില്‍ പുരുഷു (48), ചൊറിയന്‍ ചാലില്‍ കെ.സി യുസൂഫ് (36)എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പയ്യോളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഒക്ടോബര്‍ 25, 26 ദിവസങ്ങളിലാണ് സ്വകാര്യ വ്യക്തി റോഡ് കയ്യേറി മണലെടുത്തത്. രണ്ടാം ദിവസമായ ശനിയാഴ്ചയാണ് റോഡ് തകര്‍ത്തത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 12 മീറ്ററോളം നീളത്തിലും ഒന്നര മീറ്റര്‍ ആഴത്തിലും വീതിയിലും കുഴിച്ച് മണലെടുത്താണ് റോഡ് തകര്‍ത്തത്. തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് തഹസില്‍ദാരും പോലീസും സ്ഥലത്തെത്തിയിരുന്നു.
തകര്‍ന്ന റോഡ് രണ്ടു ദിവസത്തിനകം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം തഹസില്‍ദാര്‍ നല്‍കിയെങ്കിലും നടപ്പിലായിരുന്നില്ല. തുടര്‍ന്നാണ് കയ്യേറ്റം തെളിയിക്കുന്ന രേഖകള്‍ സഹിതം പഞ്ചായത്ത് അധികാരികള്‍ പരാതിയുമായി രംഗത്ത് വന്നത്.