പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളി: മന്ത്രിയെ തള്ളി എം.വി. ജയരാജന്‍

news image
Jan 16, 2023, 9:38 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികള്‍ കുറഞ്ഞതില്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ സിപിഎമ്മിലും വിമർശനം. പട്ടിണി പാവങ്ങള്‍ കളി കാണേണ്ടെന്ന് പറയുന്ന നിലപാട് ശരിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അഭിപ്രായപ്പെട്ടു.  പട്ടിണിക്കാരനും അല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റെന്നും എം.വി. ജയരാജന്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയെ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തിയിരുന്നു.

 

‘പണമുള്ളവനും ഇല്ലാത്തവനുമെല്ലാം കാണേണ്ട കളിയാണ് ക്രിക്കറ്റ്. ലോകകപ്പ് ഫുട്ബോളിന്റെ സമയത്താണ് സ്പോർട്സിനോട് നമ്മുടെ ആളുകൾക്കുള്ള താൽപര്യം ശരിക്കു മനസ്സിലാക്കിയത്. ക്രിക്കറ്റ് കളി എല്ലാവരും കാണേണ്ടതു തന്നെയാണ്’ – എം.വി.ജയരാജൻ പറഞ്ഞു.

അതേസമയം, ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതിന് പല കാരണമുണ്ടെന്നും അത് കണ്ടെത്തണമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. പാവപ്പെട്ടവര്‍ കളി കാണേണ്ടെന്ന് കായികമന്ത്രി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘‘അങ്ങനെ ഏതെങ്കിലും ഒരു കാരണം കൊണ്ടാണ് സ്റ്റേഡിയത്തിൽ ആളു കുറഞ്ഞതെന്ന് പറയുന്നത് ശരിയല്ല. പല കാരണങ്ങളുണ്ടാകാം. ഞങ്ങൾ അത് വിശകലനം ചെയ്തിട്ടില്ല. പാവപ്പെട്ടവർ കളി കാണേണ്ട എന്നൊന്നും മന്ത്രി പറഞ്ഞിട്ടില്ല. ടിക്കറ്റിന്റെ ചാർജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു വന്നപ്പോൾ പറഞ്ഞതാണ്. പാവപ്പെട്ടവർ ക്രിക്കറ്റ് കാണേണ്ടെന്ന് ആരെങ്കിലും പറയുമോ? അതൊന്നുമല്ല ഉദ്ദേശിച്ചത്. പറഞ്ഞത് അതല്ലെന്ന് അദ്ദേഹവും പറഞ്ഞു. എന്നോടു ചോദിച്ചപ്പോഴെല്ലാം ഞാനും പറഞ്ഞു’ – എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe