പണപ്പെരുപ്പം കുതിച്ചുയര്‍ന്നു; എട്ട് മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍

news image
Nov 15, 2013, 11:33 am IST payyolionline.in

ന്യുദല്‍ഹി: ചില്ലറ വിലപ്പെരുപ്പത്തിന് പിന്നാലെ ആശങ്ക ഉയര്‍ത്തി മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കുതിക്കുന്നു. വ്യാഴാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏഴ് ശതമാനത്തിലത്തെിയ ഒക്ടോബറിലെ പണപ്പെരുപ്പം എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍, ഫാക്ടറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കാര്യമായി വര്‍ധിക്കാന്‍ കാരണമായത്.
സെപ്തംബറില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.46 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേസമയത്തെ പണപ്പെരുപ്പം 7.32 ശതമാനവും. ആഗസ്റ്റ് മാസത്തെ പണപ്പെരുപ്പം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്ന 6.1 ശതമാനത്തില്‍ നിന്ന് 6.99 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബറില്‍ ഭക്ഷ്യവസ്തുക്കളുടെ വില മുന്‍ വര്‍ഷത്തില്‍ നിന്ന് 18.19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടത്. സെപ്തംബറിലും ഭക്ഷ്യവസ്തു വില 18.4 ശതമാനം വര്‍ധിച്ചിരുന്നു. സവേളക്ക് പിറകെ തക്കാളിയുടെ വിലയും കുതിച്ചുയര്‍ന്നത് പച്ചക്കറികളുടെ വിലയില്‍ വന്‍ വര്‍ധനക്ക് കാരണമായി. ഇത് ഭക്ഷ്യവസ്തുക്കളുടെ വിലയിലും പ്രതിഫലിച്ചു.
ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലയില്‍ 10.33 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടത്. ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 2.5 ശതമാനം വില വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടത്.
മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലെ വേഗത്തിലുള്ള വര്‍ധന അപകട സൂചനയാണെന്ന് വാണിജ്യ സംഘടനയായ അസോചെമ്മിന്‍െറ അധ്യക്ഷന്‍ റാണാ കപ്പൂര്‍ പ്രതികരിച്ചു. ഇതിന്‍െറ പ്രശ്നങ്ങള്‍ വരും നാളുകളില്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാവുകയും ചെയ്യും.
2012 ഒക്ടോബറിലെ വിലയില്‍ നിന്ന് പച്ചക്കറികളുടെ വിലയില്‍ 78.38 ശതമാനം വര്‍ധനയാണുണ്ടായത്. സവോളയുടെ വിലയില്‍ 278.21 ശതമാനം വര്‍ധനയുണ്ടായി. ഫലവര്‍ഗങ്ങള്‍ക്ക് 15.94 ശതമാനവും വില വര്‍ധിച്ചു. മുട്ട, ഇറച്ചി, മീന്‍ എന്നിവയുടെ വിലയില്‍ 17.47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടത്.
ചൊവ്വാഴ്ച്ച സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള വിലക്കയറ്റം 10.09 ശതമാനത്തില്‍ എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe