പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

news image
Apr 25, 2024, 10:24 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ കളക്ടറുടെ ചേംബറിലെത്തി പ്രതിഷേധിച്ച് എൽഡിഎഫ് നേതാക്കളും. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് എൽഡിഎഫ് നേതാക്കളുടെ ആവശ്യം. എംഎൽഎമാർ, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നിവരുൾപ്പെടെയാണ് പ്രതിഷേധിക്കുന്നത്.  ഉദ്യോഗസ്ഥ ഗ്രൂപ്പിന് പുറത്ത് മറ്റുള്ളവരിലേക്ക് രഹസ്യരേഖ കൈമാറിയവർക്ക് എതിരെയും നടപടി വേണം എന്നും എൽഡിഎഫ് ആവശ്യപ്പെടുന്നു.

സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കാണിച്ച് എൽഡിഎഫ് കലക്ടർക്ക് പരാതി നൽകി. 144 പ്രഖ്യാപിച്ചിരിക്കെ കലക്ടറേറ്റിൽ കൂട്ടം ചേർന്നതിന്
ആന്റോ ആന്റണിക്കെതിരെ നടപടി വേണമെന്ന് രാജു എബ്രഹാം ആവശ്യപ്പെട്ടു. കള്ളവോട്ട് പരിശീലനം നൽകിയെന്ന ആരോപണത്തിൽ എംപിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ വ്യക്തമാക്കി.

 

ഉദ്യോ​ഗസ്ഥരുടെ ​ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൽഡി ക്ലർക്ക് യദുകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി കളക്ടര്‍ക്ക് പരാതി നല്‍കി. നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റില്‍ ആന്‍റോ ആന്‍റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കളക്ടർ നടപടിയെടുത്തത്.
നടപടി നേരിട്ട ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.

വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി രംഗത്തെത്തിയത്. പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്നായിരുന്നു ആന്‍റോ ആന്‍റണിയുടെ ആരോപണം. ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍റെ നീക്കമാണിത്. ആരോപണത്തില്‍ തെളിവും ആന്‍റോ ആന്‍റണി പുറത്തുവിട്ടു. അനിൽ ആന്റണിക്ക്  വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു. ആന്‍റോ ആന്‍റണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു നെറ്റ് വര്‍ക്കാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആന്‍റോ ആന്‍റണി ആവര്‍ത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe